പ്രധാനമന്ത്രിയുടെ പരീക്ഷാ പരിശീലനത്തിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴുത്തില്‍ ഇരിപ്പിടം

By Web DeskFirst Published Feb 19, 2018, 12:18 PM IST
Highlights

ഷിംല: പ്രധാനമന്ത്രിയുടെ  പരീക്ഷാ പരിശീലനം സംപ്രേഷണം ചെയ്യുന്ന സമയത്ത് ഗവണ്‍മെന്‍റ് സ്കൂളിലെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് കുതിരകളെ സംരക്ഷിക്കുന്ന തൊഴുത്തില്‍ ഇരിപ്പിടം.ഹിമാചല്‍ പ്രദേശിലെ കുല്ലുവിലെ ഒരു സ്കൂളിലാണ് സംഭവം റിപ്പോട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ പരിപാടി കുട്ടികള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍ വെളളിയാഴ്ച സ്കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു.

സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അധികൃതരുടെ താമസസ്ഥലത്തായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. ഈ സമയത്ത് മെഹര്‍ ചന്ദെന്ന അധ്യാപിക പരിപാടി കഴിയുന്നത് വരെ ടിവി വച്ചിരിക്കുന്ന മുറിയുടെ പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ദളിത് വിദ്യാര്‍ത്ഥികളുടെ പരാതി.

ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് കുല്ലു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. കുതിരകളെ സംരക്ഷിക്കുന്ന സ്ഥലത്ത് ഇരുത്തിയെന്നും പരിപാടി കഴിയുന്നത് വരെ പുറത്ത് പോകരുതെന്ന് ആവശ്യപ്പെട്ടതായും കുട്ടികള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്കൂളില്‍ ഉച്ചഭക്ഷണ സമയത്ത് തങ്ങള്‍ നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ചും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ട കുട്ടികളെ ഉച്ചഭകഷണ സമയത്ത് മാറ്റിയിരുത്തുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു. സംഭവം സ്ഥിതീകരിച്ച സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാജന്‍ ഭര്‍ദ്വാജ് മാപ്പ് പറയുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു.

click me!