ഡി സി ബുക്‌സ് നോവല്‍ മത്സരം  ചുരുക്കപ്പട്ടികയില്‍ അഞ്ചെണ്ണം

By Web DeskFirst Published Aug 26, 2016, 11:54 AM IST
Highlights

കോട്ടയം: മലയാളത്തിലെ പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് നടത്തിയ നോവല്‍ മത്സരത്തിന്റെ അന്തിമ പട്ടിക തയ്യാറായി. മത്സരത്തില്‍ ലഭിച്ച നിരവധി നോവലുകളില്‍ നിന്നും മികച്ച അഞ്ച് നോവലുകളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനുകാലികപ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരായ എം എ ബൈജുവിന്റെ ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര, സെമീര എന്നിന്റെ തസ്രാക്കിന്റെ പുസ്തകം, സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം, അധ്യാപികമാരായ ഷബിത എം കെയുടെ ഗീതാജ്ഞലി, നീനു അന്‍സാറിന്റെ ലീബിന്റെ പിശാചുക്കള്‍ എന്നീ നോവലുകളാണ് അന്തിമ പട്ടികയിലേക്ക് അവാര്‍ഡ് ജൂറി തിരഞ്ഞെടുത്തിരിക്കുന്നത്.

ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ നോവലുകളില്‍ നിന്നാണ് ഒന്നാംസ്ഥാനത്തിനര്‍ഹമായ നോവല്‍ തിരഞ്ഞെടുക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട 5 നോവലുകളില്‍ 4 എണ്ണം സ്ത്രീ എഴുത്തുകാരുടെ കൃതികളാണ് എന്നത് ശ്രദ്ധേയമാണ്. 

ആഗസ്റ്റ് 29ന് പാലക്കാട് ജോബിസ് മാളിലെ ഡയമണ്ട് ഹാളില്‍ നടക്കുന്ന 42മത് ഡി സി ബുക്‌സിന്റെ വാര്‍ഷികാഘോഷത്തില്‍ മത്സരവിജയിയെ പ്രഖ്യാപിക്കുകയും സമ്മാനത്തുകയായ ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്യും. 

നോവലുകളെ കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തല്‍: 

ജീവിതത്തില്‍ താനനുഭവിച്ച കഷ്ടതകളില്‍നിന്നും അനര്‍ത്ഥങ്ങളില്‍നിന്നുമുള്ള മോചനം തേടി ക്രിസ്തുമസ് ദ്വീപിലേക്കു പോകുന്ന ഒരു യാത്രികന്റെ കഥയാണ് എം എ ബൈജുവിന്റെ ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര എന്ന നോവലിന്റെ കാതല്‍.  ഋജുവായ ഭാഷയില്‍ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന ഒരാശയത്തെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത.

ഖസാക്കിന്റെ ഇതിഹാസത്തെ ഒരു നവഭാവനയിലൂടെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള പരിശ്രമമാണ് സെമീര എന്‍ രചിച്ച തസ്രാക്കിന്റെ പുസ്തകം. മലയാളത്തിന്റെ ഇതിഹാസ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിന്റെ സ്ഥലരാശിയായ തസ്രാക്കിനെയും ആ നോവലിലെ കഥാപാത്രങ്ങളെയും ഉപജീവിച്ചുകൊണ്ട് രചിക്കപ്പെട്ട നോവല്‍. ഖസാക്കിന്റെ ഭാവസാന്ദ്രമായ ഭാഷയെ അനുസ്മരിപ്പിക്കുംവിധമുള്ള, എന്നാല്‍ അനുകരണമല്ലാത്ത ഭാഷയും ജന്മജന്മാന്തരങ്ങളുടെയും മരണത്തിന്റെയും അര്‍ത്ഥം തേടുന്ന ദര്‍ശനലോകവും തസ്രാക്കിന്റെ പുസ്തകത്തെ സവിശേഷമാക്കുന്നു.

ഷബിത എം കെ എഴുതിയ ഗീതാഞ്ജലി എന്ന നോവല്‍ ഒരു തൂലികാസൗഹൃദത്തിനിരുപുറത്തുമിരുന്ന് ജീവിതം പറഞ്ഞുതീര്‍ക്കുന്ന പുരുഷനെന്നും പെണ്ണെന്നും വിളിപ്പേരുള്ള രണ്ടു വ്യക്തികളുടെ കഥയാണ.് ഹൃദയത്തില്‍ തൊടുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഈ കൃതിയുടെ വായനയെ ആസ്വാദ്യമാക്കുന്നു. സമകാലികലോകത്തിന്റെ തമസ്ഥലികളെക്കുറിച്ചുള്ള ആശങ്കകള്‍ ഈയിടത്തില്‍ പങ്കുവയ്ക്കുമ്പോള്‍ത്തന്നെ, പുറത്തെടുത്താല്‍ തെളിഞ്ഞുകത്താന്‍ പാകത്തില്‍ മനുഷ്യമനസ്സ് ഒളിച്ചു വയ്ക്കുന്ന നന്മയുടെ ഇത്തിരി വെട്ടവും ഈ നോവല്‍ പ്രതിഫലിപ്പിക്കുന്നു.

മണലാരണ്യത്തിന്റെ ഗൃഹസമുച്ചയങ്ങളിലെ ഇത്തിരിപ്പച്ചയില്‍നിന്നും പ്രകൃതിയുടെ മടിത്തട്ടിലേക്കെത്തുന്ന ഒരു കുട്ടിയുടെ ജൈവിക ഭാവനയാണ് സോണിയ റഫീക്ക് രചിച്ച ഹെര്‍ബേറിയം. സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണം. പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവു പുലര്‍ത്തുന്ന ഈ കൃതിക്കാവുന്നുണ്ട്. 

ഫോര്‍ട്ടുകൊച്ചിമുതല്‍ മതിലകംവരെ നീണ്ടുപരന്നു കിടക്കുന്ന യൂദസമൂഹത്തെയും യിദ്ദിഷ് ഭാഷയില്‍ കുറിച്ചിട്ടിരുന്ന അവരുടെ കിസ്തകളെയും അവലംബിച്ച് എഴുതപ്പെട്ട പുരാവൃത്ത രചനയാണ് നീനു അന്‍സാറിന്റെ ലീബിന്റെ പിശാചുക്കള്‍. 1650 മുതല്‍ 1810 വരെയുള്ള കാലയളവാണ് ഈ നോവലിന്റെ പശ്ചാത്തലം. പൂര്‍ണ്ണമായും ഭാവനയുടെ കാന്‍വാസില്‍ വരച്ചിട്ട ഒരു ഭ്രമാത്മക ചിത്രംപോലെ അനുഭവപ്പെടുന്നൂ ഈ കൃതി. 

click me!