കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ കുടിവെള്ളത്തില്‍ ചത്ത എലി

By Web DeskFirst Published Jul 2, 2017, 1:09 PM IST
Highlights

കോഴിക്കോട്: കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ വെള്ളത്തില്‍ ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തി.  പനി വാര്‍ഡിലെ രോഗികള്‍ രാവിലെ പൈപ്പില്‍ നിന്നും വെള്ളമെടുത്തപ്പോഴാണ് അവശിഷ്ടം കിട്ടിയത്. ആശുപത്രിയിലെ വൃത്തിഹീനമായ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ട വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും നടപടി എടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

ഡെങ്കിപ്പനി ബാധിച്ച മുപ്പത് രോഗികളും എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് രണ്ട് കുട്ടികളും കിടക്കുന്ന വാര്‍ഡിലെ പൈപ്പില്‍ നിന്നാണ് ചത്ത എലിയുടെ അവശിഷ്ടം കിട്ടിയത്. ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവര്‍ പരിഹസിച്ചു എന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു. അവധിയിലാണെന്നും അന്വേഷിക്കാന്‍ മറ്റൊരു ഡോക്ടറെ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നുമാണ് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി.

അതേസമയം ഇത് നഗരസഭയില്‍ നിന്ന് ലഭിക്കുന്ന വെള്ളമാണെന്നാണ് അധികൃതര്‍ ആരോഗ്യ മന്ത്രിയെ അറിയിച്ചത്. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് മറ്റൊന്ന്. നഗരസഭയുടെ വെള്ളം ടാങ്കില്‍ ശേഖരിച്ച് ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്നു. ആയിരക്കണക്കിന് രോഗികള്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്ന ടാങ്ക് മൂടാത്ത നിലയിലാണ്. 

click me!