വിദ്യാര്‍ത്ഥിയുടെ ചോറ്റ്പാത്രത്തില്‍ കൊടുംവിഷമുള്ള പാമ്പ്

By Web DeskFirst Published Feb 28, 2018, 5:22 PM IST
Highlights
  • മകന്‍റെ ചോറ്റുപാത്രം പരിശോധിച്ച അമ്മ അതില്‍ നിന്നും കണ്ടെത്തിയത് കൊടുംവിഷമുള്ള പാമ്പിനെ

മെല്‍ബണ്‍: മകന്‍റെ ചോറ്റുപാത്രം പരിശോധിച്ച അമ്മ അതില്‍ നിന്നും കണ്ടെത്തിയത് കൊടുംവിഷമുള്ള പാമ്പിനെ. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്കൂളില്‍ പോകും മുന്‍പ് ചോറ്റുപാത്രത്തില്‍ സ്‌നാക്‌സും ആപ്പിളും എടുത്ത് വെച്ചതിന് ശേഷമാണ് പാത്രത്തില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെ അമ്മ കണ്ടെത്തിയത്.

ഉടന്‍ തന്നെ പാത്രം മൂടിയ യുവത വിദഗ്ധനായ റോളി ബറലെയെ വിളിച്ചു. പാത്രത്തിന്‍റെ അടപ്പിന്റെ വക്കിലുള്ള നേരിയ വിടവിലാണ് പാമ്പ് കയറിയിരുന്നത്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അപകടകാരിയായ ബ്രൗണ്‍ സ്‌നേക്ക് ഇനത്തില്‍ പെട്ട പാമ്പിന്‍റെ കുഞ്ഞിനെയാണ് പാത്രത്തില്‍ നിന്നും കിട്ടിയത്.

പാമ്പിന് വെറും രണ്ടാഴ്ച മാത്രമായിരുന്നു പ്രായം. തീരെ ചെറിയ പാമ്പായതിനാലാണ് ഈ വിടവില്‍ ഒതുങ്ങി കിടക്കാന്‍ ഇതിന് കഴിഞ്ഞതെന്ന് ബറല്‍ പറഞ്ഞു. മറ്റ് പാമ്പിന്‍കുഞ്ഞുങ്ങളോ പാമ്പോ വീട്ടിലുണ്ടോയെന്നറിയാന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നിനേയും കണ്ടത്താനായില്ല.

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ചൂട് കൂടുതലായതിനാല്‍ തണുപ്പ് തേടിയാകാം പാമ്പ് ഇതിനുള്ളില്‍ കയറിക്കൂടിയതെന്നാണ് നിഗമനം. ബ്രൗണ്‍ സ്‌നേക്കിന്റെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ പുറത്തു വരുന്ന സമയമാണിത്.

click me!