
ഇടുക്കി: മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുവായസുകരന്റെ മരണം കരള്‍രോഗമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണ കാരണം കരള്‍ രോഗം മൂലമെന്ന് സ്ഥിതീകരിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ രസിതന്‍നിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ നിന്ന് കാണാതായത്.
മതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കളിക്കുവാന്‍ പോകുന്ന നവറുദ്ദീന്‍ തൊട്ടടുത്ത കാട്ടില്‍ പഴങ്ങളും മറ്റും പറിക്കുവാന്‍ പോകുന്നത് പതിവായിരുന്നു. വഴില്‍ കാണുന്നതെന്തും എടുത്തുകഴിക്കും. ഇത് മൂലമാണ് രോഗമുണ്ടായതെന്നാണ് കരുതുന്നത്. നൂറില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന രോഗമാണിതെന്നും മെഡിക്കല്‍ കോളേജ് അധിക്യതര്‍ പറഞ്ഞതായി അന്വേഷണ ഉദ്ധ്യോഗസ്ഥന്‍ സി.ഐ സാംജോസ് പറയുന്നു. കാലില്‍ ചെറിയ പാടുകള്‍ കണ്ടിരുന്നെങ്കിലും അത് മരണ കാരണമല്ലെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും ദേഹത്തും പാടുകള്‍ കണ്ടെത്തിയതാണ് കുട്ടി കൊലചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയം തോന്നാന്‍ കാരണം.
ഇതേ തുടര്‍ന്ന് ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായ ദിവസം നവറുദ്ദീന്‍റെ സഹോദരന്‍ അഫ്സല്‍ അലിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാതാവ് രാവിലെ കുട്ടിയുമായി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയിരുന്നു. ഉച്ചയോടെ നവറുദ്ദീനെ വീട്ടിലാക്കി നൂറുമുഹമ്മദ്ദ തൊഴിലാളികള്‍ക്കൊപ്പം വിറകുപെറുക്കാന്‍ കാട്ടിലേക്കുംപോയി. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ നൂറുമുഹമ്മദ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാംജോസിന്റെ നേത്യത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള തേയിലതോട്ടത്തില്‍ കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം മൂന്നാര്‍ മുസ്ലീം ജമാ അത്തില്‍ കബറടക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam