ആസ്ട്രല്‍ പ്രൊജക്ഷനേക്കാള്‍ വലിയ ആഭിചാരം; കുടുംബത്തിലെ 11പേരെ കൊന്ന മന്ത്രവാദം

By Web DeskFirst Published Jul 2, 2018, 2:29 PM IST
Highlights
  • ആസ്ട്രല്‍ പ്രൊജക്ഷനേക്കാള്‍ വലിയ ആഭിചാരം; കുടുംബത്തിലെ 11പേരെ കൊന്ന മന്ത്രവാദം 

ദില്ലി: ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളെന്ന് പൊലീസ്. വടക്കന്‍ ദില്ലിയിലെ ബുറാരി മേഖലയില്‍ കുടുംബാംഗമായ ലളിത് ഭാട്ടിയയടക്കം 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പുതിയ വഴിത്തിരവ്. 11 പേരും ഒരുമിച്ച് തൂങ്ങിമരിച്ചാല്‍ ഐശ്വര്യം വരും എന്ന വിശ്വാസമാണ് ഇവരെ മരണത്തിലക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് വഴി തെളിച്ചതാകട്ടെ ആഭിചാരത്തിന്‍റെ എഴുതപ്പെട്ട ഒരു മന്ത്രവാദ പുസ്തകവും. ഈ പുസ്തകം പൊലീസിന് ലഭിച്ചതോടെയാണ് സംഭവത്തിന് പിന്നിലെ കാരണം വെളിച്ചം കാണുന്നത്.

വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമായിരുന്നു ഭാട്ടിയയുടേത്. എന്നാല്‍ ആഭിചാര ക്രിയകളില്‍ ആകൃഷ്ടരായ ഭാട്ടിയ അടക്കമുള്ള മൂന്നുപേര്‍ എല്ലാം തകിടം മറിച്ചു.  11 പേരും ഒരുമിച്ച് തൂങ്ങിയാല്‍ പുനര്‍ ജനിച്ച് വീണ്ടും സുഖമായി ജീവിക്കാമെന്നായിരുന്നു മന്ത്രവാദ പുസ്തകത്തില്‍ പറഞ്ഞത്.  ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കുടുംബത്തിലെ എല്ലാവരെയും ഭാട്ടിയ അടക്കമുള്ളവര്‍ നിര്‍ബന്ധിച്ചു.

വീട്ടുകാരും അതിന് സമ്മതിച്ചതോടെ വന്‍ ദുരന്തത്തിന് അത് വഴിമരുന്നിട്ടു. മന്ത്രവാദ പുസ്തകത്തില്‍ ഇതിനായി പത്തോളം മാര്‍ഗനിര്‍ദേശങ്ങളും ഉണ്ടായിരുന്നു. നാല് മൃതദേഹങ്ങള്‍ തലകീഴായി വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. ബാക്കിയുള്ളവ മുകളിലേക്കും. ഒരാളെ തറയില്‍കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടത്. ഇതെല്ലാം പുസ്തകത്തലെ നിര്‍ദേശം അനുസരിച്ചായിരുന്നു.

പുസ്തകത്തലുള്ളത് പ്രകാരം ഭാട്ടിയ ആഹ്വാനം ചെയ്യുന്ന സമയത്ത് ഒരുമിച്ച് സ്റ്റൂളില്‍ നിന്ന് ചാടാനായിരുന്നു പദ്ധതി. പ്രായമായ ദേവിക്ക് ഇത് സാധിക്കാത്തതാണ് അവരെ ക ഭാട്ടിയ തന്നെ കഴുത്തുഞെരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മരിക്കാനുള്ള രീതി എഴുതിയ കുറിപ്പ് മൃതദേഹത്തിനടുത്തു നിന്ന് ലഭിച്ചിരുന്നു. മന്ത്രവാദ പുസ്തകത്തില്‍ പകര്‍ത്തി എഴുതിയതായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വളരെ സന്തുഷ്ടമായി ജീവിച്ച കുടുംബത്തിലെ ദേവി(77) , ഇവരുടെ മകള്‍ പ്രതിഭ(57), ആണ്‍മക്കളായ ഭവ്‌നേഷ്(50),ഭവ്‌നേഷിന്റെ ഭാര്യ സവിത (48), ലളിത് ഭാട്ടിയ(47), ലളിതിന്റെ ഭാര്യ ടിന(42), ഇവരുടെ മക്കള്‍ മീനു (23), നിധി(25), ധ്രുവ്(15),  മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് മരിച്ചത്.   പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. നവംബറിലാണ്  വിവാഹം നടക്കാനിരുന്നത്. 

മരണത്തിന് മുമ്പുള്ള ദിവസവും വളരെ സന്തോഷത്തോടെ നാട്ടുകാര്‍ കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഇരുട്ടി നേരം വെളുത്തപ്പോള്‍ കഥമാറി. സ്ഥിരമായി അതിരാവിലെ വീടിനോട് ചേര്‍ന്നുള്ള പലചരക്ക് കട കുടുംബാംഗങ്ങളില്‍ ആരെങ്കിലും തുറക്കും. അത്യാവശ്യമുണ്ടെങ്കില്‍ ഏത് സമയവും കട തുറക്കാനും തയ്യാറായിരുന്നു.  എന്നാല്‍ ഏറെ വൈകിയും കട തുറക്കാതായതോടെയാണ് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയത്. മന്ത്രവാദ പുസ്തകത്തില്‍ പറഞ്ഞ രീതിയില്‍ കണ്ണുകെട്ടിയ നിലയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ദുരന്തം നേരില്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തൂങ്ങാനുള്ള ധൈര്യത്തിനായി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കഴിച്ചതായും വ്യക്തമായിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത് നന്തന്‍കോട് മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ ആസ്ട്രല്‍ പ്രൊജക്ഷന്‍റെ പേരില്‍ കേഡല്‍ എന്ന യുവാവ് കൊലപ്പെടുത്തിയതിനോട് ഏറെ സാമ്യമുള്ള കേസാണ് ഭാട്ടിയ കുടുംബത്തിന്‍റെയും.

click me!