
ദില്ലി: ദില്ലിയിൽ ചീഫ് സെക്രട്ടറിയെ ആംആദ്മി പാര്‍ട്ടി എംഎൽഎമാര്‍ മര്‍ദ്ദിച്ചതിന് ശേഷമുണ്ടായ ഭരണ പ്രതിസന്ധിയ്ക്ക് പരിഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശും ഉദ്യോഗസ്ഥരും പങ്കെടുത്തു. മര്‍ദ്ദനക്കേസിൽ പ്രകാശ് ജാര്‍വാൾ എംഎൽഎയുടെ ജാമ്യാപേക്ഷ ദില്ലി ടിസ് ഹസാരി കോടതി വീണ്ടും തള്ളി.
ഫയലുകളിൽ ഒപ്പിടാതെയും യോഗങ്ങളിൽ പങ്കെടുക്കാതെയും ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരാഴ്ച്ചയായി ഉദ്യോഗസ്ഥര്‍ നടത്തിയ നിസ്സഹകരണം അവസാനിച്ചു. ബജറ്റ് സമ്മേളനത്തീയതി പ്രഖ്യാപിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേഹോപദ്രവമോ അപമാനമോ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ യോഗത്തിൽ പങ്കെടുക്കാമെന്ന് ചീഫ് സെക്രട്ടറി കത്തിലൂടെ കെജ്‍രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് അംഗീകരിച്ചതോടെയാണ് ദില്ലിയിൽ ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെജ്‍രിവാളിന്‍റെ വീട്ടിൽ ഈ മാസം 19ന് നടന്ന യോഗത്തിൽ ആംആദ്മി പാര്‍ട്ടി എംഎൽഎമാര്‍ കയ്യേറ്റം ചെയ്തെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി. എംഎൽഎമാരായ അമാനത്തുള്ള ഖാനേയും പ്രകാശ് ജര്‍വാളിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും കെജ്‍രിവാളിന്‍റെ വീട്ടിലെ സിസിടിവി ക്യാമറകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ട് എംഎൽഎമാരും റിമാൻഡിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam