ശക്തി വിളിച്ചോതാന്‍ സിദ്ദുവിന്റെയും കൂട്ടരുടെയും ബൈക്ക് റാലി

By Web DeskFirst Published Jul 28, 2016, 7:14 AM IST
Highlights

ദില്ലി: അടുത്തിടെ രാജ്യസഭാ അംഗത്വം ഒഴിയുകയും ബി ജെ പിയുമായി അകലം പാലിക്കുകയും ചെയ്‌ത മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു ശക്തിപ്രകടനത്തിന്റെ ഭാഗമായി ബൈക്ക് റാലിക്ക് നേതൃത്വം നല്‍കും. പഞ്ചാബിലെയും കേന്ദ്രത്തിലെയും ബി ജെ പിയെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദുവും അനുയായികളും ഓഗസ്റ്റ് ഏഴിന് ദില്ലിയില്‍ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. ലഹരി മരുന്നിനെതിരായ സന്ദേശം എന്ന നിലയ്‌ക്കാണ് മോട്ടോര്‍ ബൈക്ക് റാലി സംഘടിപ്പിക്കുന്നതെങ്കിലും ബി ജെ പിക്ക് എതിരായ രാഷ്‌ട്രീയ നീക്കമായാണ് ഇതിനെ കാണുന്നത്. രാജ്യസഭാംഗത്വം ഒഴിഞ്ഞ സിദ്ദു ഇപ്പോഴും ബി ജെ പി അംഗമാണെങ്കിലും രാഷ്‌ട്രീയത്തിലെ ഭാവി സംബന്ധിച്ച് ഒരു പ്രഖ്യാപനവും നടത്താന്‍ തയ്യാറായിട്ടില്ല. സ്വന്തം രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം ബി ജെ പി പഞ്ചാബ് ഘടകത്തില്‍ അധിശത്വം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണിതെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍ ബൈക്ക് റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ ഭാവി നിലപാട് സിദ്ദു വ്യക്തമാക്കാന്‍ തയ്യാറാകുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് സിദ്ദു ബി ജെ പി നേതൃത്വവുമായി ഇടയുന്നത്. അമൃത്‌സര്‍ സീറ്റ് നിഷേധിച്ചതോടെയാണ് സിദ്ദു പാര്‍ട്ടി നേതൃത്വവുമായി അകന്നത്.

click me!