കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഡിഫ്ത്തീരിയ പടരുന്നു

By Web DeskFirst Published Jul 9, 2016, 9:45 AM IST
Highlights

കോഴിക്കോട് :  ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ഡിഫ്തീരിയ പടരുന്നത് ആശങ്ക ഉയർത്തുന്നു. കുട്ടികളിലും പ്രതിരോധ വാക്സിനെടുത്ത മുതിർന്നവരിലും രോഗം റിപ്പോർട്ട് ചെയ്യുന്നത് അപകടകരമായ അവസ്ഥയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതൽ ഡിഫ്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്കും രോഗം സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയായ 19 വയസ്സുകാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇയാൾ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നതാണ്. ജനനസമയത്ത് എടുക്കുന്ന വാക്സിന്റെ പ്രതിരോധ ശേഷി അഞ്ച് വയസ് ആകുന്നതോടെ കുറയും . ഇതാണ് മുതിർന്നവർക്ക് രോഗം വരാനുള്ള പ്രധാന കാരണം. കുത്തിവയ്പ്പ് എടുക്കാത്തവർ മൂന്ന് ഡോസ് ഒന്നിടവിട്ട മാസങ്ങളിലായി എടുക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഡിഫ്തീരിയക്കുള്ള ഡിടി വാക്സിൻ പുനയിലെ സിറാം ഇൻസ്റ്റിറ്റ്യൂട്ട് അഫ് ഇന്ത്യയിൽ നിന്നാണ് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രളിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് കൂടി പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കിയതോടെ വാക്സിന് ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. തിങ്കളാഴ്ചയോടെ എല്ലാ ആശുപത്രികളിലും വാക്സിനും എത്തിക്കുമെന്നും രാമനാട്ടുകര, നടുവണ്ണൂർ അടക്കമുളള രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കണവും ശക്തമാക്കുമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.

 

click me!