
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ട് ദിലീപിനെ വായിച്ചുകേള്‍പ്പിച്ചു. ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചു. ഇന്നു രാവിലെ ആറരയോടെയാണ് ദിലീപിനെ അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് മജിസ്ട്രേറ്റിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് രാംകുമാറാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പറയാനുള്ളതെല്ലാം പിന്നീട് പറയാമെന്നും ദിലീപ് പറഞ്ഞു. തിരിച്ചുകൊണ്ടുപോകുമ്പോള്‍ ഭയപ്പെടാനില്ല, കുറ്റം ചെയ്തിട്ടില്ല എന്നുമാണ് ദിലീപ് മാധ്യമപ്രവര്‍ത്തകരെ നോക്കി പറഞ്ഞത്. ദിലീപ് പുറത്തേക്ക് വന്നപ്പോള്‍ കൂകിവിളിച്ചാണ് ആളുകള്‍ പ്രതികരിച്ചത്. ദിലീപിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് മജിസ്ട്രേറ്റിന്റെ വീട്ടിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അവിടേക്കെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിനെ അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. കേസിൽ പ്രതിയായ പൾസർ സുനി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല. പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം "ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.
പൾസർ സുനി ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
നടിയെ പ്രതി പൾസർ സുനി വാഹനത്തിൽവച്ച് ശാരീരികമായി അപമാനിക്കുന്നതെന്നു കരുതുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചെന്നാണു വിവരം. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലായിരുന്നു പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നു നടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപ്പിച്ചെന്നുമൊക്കെയാണ് ചോദ്യം ചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam