
കോട്ടയം: ഫുട്ബോളിന്‍റെ മിശിഹായെ അവന്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു. ടീം എന്ന നിലയില്‍ അര്‍ജന്‍റീനയെ പിന്തുണയ്ക്കുന്നതിനെക്കാള്‍ ലിയോണല്‍ മെസി എന്ന ഫുട്ബോള്‍ മാന്ത്രികനെയാണ് അവന്‍ നെഞ്ചേറ്റിയത്. ഒടുവില്‍ അവസാന കുറിപ്പില്‍ പറഞ്ഞത് പോലെ അവന്‍റെ ജീവിതം മെസിക്കായി തന്നെ സമര്‍പ്പിച്ചിരിക്കുന്നു. മെസി നിനക്കായി എന്‍റെ ജീവന്‍, നീ കപ്പ് ഉയര്‍ത്തുന്നതിനായി എന്‍റെ ടീം യാത്ര തുടങ്ങിയിരിക്കുന്നു, എന്‍റെ ജീവിതവും പേറി...
ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് മെസിപ്പട തോല്‍വിയേറ്റ് വാങ്ങിയ മത്സരത്തിന് ശേഷം ഇങ്ങനെ കുറിപ്പ് എഴുതി വച്ചാണ് കോട്ടയം ആറുമാനൂര്‍ സ്വദേശി ദിനു അലക്സ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദിനുവിനെ കാണാതായ ശേഷം മുറി പരിശോധിച്ചപ്പോഴാണ് എത്രമാത്രം അവന്‍ മെസിയെ സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമായത്. മെസിയുടെ ചിത്രങ്ങളാല്‍ സമ്പന്നമായിരുന്നു ദിനുവിന്‍റെ മുറി. അര്‍ജന്‍റീനയുടെ കളികളെല്ലാം ദിനു എത്ര ഉറക്കം കളഞ്ഞും ഇരുന്ന് കാണും.
ഒപ്പം മെസി കളിക്കുന്ന ബാഴ്സലോണയുടെ കളികളും അവന്‍ മുടക്കാതെ കണ്ടിരുന്നു. ദിനുവിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തന്‍റേതല്ലാത്ത ഒരാളിന്‍റെ ചിത്രമുണ്ടെങ്കില്‍ അത് മെസിയുടെ മാത്രമാണ്. പഠിച്ചിരുന്ന ബുക്കുകളിലും ദിനു മെസിയെപ്പറ്റിയുള്ള വാചകങ്ങള്‍ കുറിച്ചിട്ടു. ഉപയോഗിച്ചിരുന്ന ഫോണിന്‍റെ പിന്‍കവര്‍ പോലും മെസിയുടെ ചിത്രമായിരുന്നു. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ദിനു അലക്സിന്‍റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നിന്ന് ഇന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി അര്‍ജന്‍റീനയടെ മത്സരം കഴിഞ്ഞ ശേഷം അസ്വസ്ഥനായി കാണപ്പെട്ട ദിനു വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ സ്വന്തം മുറിയില്‍ കുറിപ്പെഴുതി വച്ച ശേഷമാണ് വീട്ടില്‍ നിന്നും പോയത്.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ പോലീസ് യുവാവിനെ കണ്ടെത്താന്‍ പോലീസ് നായയെ വരുത്തിച്ച് പരിശോധന നടത്തി. ദിനുവിന്‍റെ വീട്ടില്‍ നിന്നും നായ സമീപത്തെ പുഴയോരത്ത് വന്നു നിന്നതോടെ യുവാവ് ആറ്റില്‍ ചാടിയിട്ടുണ്ടാവാം എന്ന നിഗമനത്തിലേക്ക് പോലീസെത്തി. എന്നാല്‍ രണ്ട് ദിവസം തിരഞ്ഞിട്ടും ദിനുവിനെ കണ്ടെത്താതെ വന്നതോടെ ഡിനു നാടുവിട്ടതാക്കാമെന്നും തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടാണ് ഞായറാഴ്ച്ച രാവിലെ ദിനുവിന്‍റെ മൃതദേഹം കണ്ടെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam