
തിരുവനന്തപുരം/ദില്ലി: മിസ്സോറാം ഗവർണർ സ്ഥാനം ഏറ്റെടുത്ത് കേരളം വിടുന്ന കുമ്മനം രാജശേഖരന് പകരമായി ആരാവും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാവുക എന്നതിനെ ചൊല്ലി സംസ്ഥാന ഘടകത്തിൽ ചർച്ചകൾ സജീവമായി. കുമ്മനത്തെ ഗവർണറാക്കിയത് പോലെ അപ്രതീക്ഷിതമായ മറ്റൊരു പ്രഖ്യാപനം കൂടി അമിത് ഷായിൽ നിന്നുണ്ടാവുമോ എന്നാണ് സംസ്ഥാന നേതാക്കൾ ഉറ്റുനോക്കുന്നത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നായകനെ തന്നെ മാറ്റികൊണ്ടുള്ള കേന്ദ്രത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിന്റെ അമ്പരപ്പിലാണ് സംസ്ഥാന നേതാക്കൾ. കേരള വിഷയങ്ങളിൽ സംസ്ഥാന നേതാക്കളുമായി ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനം എടുക്കുന്ന ഡൽഹി മാതൃക കുമ്മനത്തിന്റെ മാറ്റത്തിലും ആവർത്തിച്ചു.
ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്,കെ.സുരേന്ദ്രൻ എന്നിവരിൽ ഒരാൾ ബിജെപി അധ്യക്ഷനാവും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വി.മുരളീധരനോ പി.കെ.കൃഷ്ണദാസിനോ വീണ്ടും അവസരം നൽകിയേക്കാം എന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്. അതല്ലെങ്കിൽ കുമ്മനത്തിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ചില അപ്രതീക്ഷിത പ്രഖ്യാപനങ്ങൾക്കും സാധ്യതകളുണ്ട്.
ബിജെപി അധ്യക്ഷനെന്ന നിലയിൽ കുമ്മനം രാജശേഖരന്റെ പ്രവർത്തന ശൈലിയിൽ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന വി.മുരളീധരൻ-പി.കെ.കൃഷ്ണദാസ് പോരിന് അവസാനം കുറിക്കാനാണ് കുമ്മനത്തെ ഇറക്കിയതെങ്കിലും അത് ഫലം കണ്ടിരുന്നില്ല. കുമ്മനമാണെങ്കിൽ കൃഷ്ണദാസ് പക്ഷത്തെ അകമഴിഞ്ഞു പിന്തുണയ്ക്കുകയും അതുവഴി മുരളീധരപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ബിജെപി അധ്യക്ഷനെന്ന നിലയിൽ എൻ.ഡി.എയെ ഒന്നിച്ചു കൊണ്ടു പോകുന്നതിലും കുമ്മനം പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ട്. എന്തായാലും പാർട്ടി അധ്യക്ഷനെ മാറ്റിയതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കൂടുതൽ വിപുലമായ അഴിച്ചു പണിയും ഇനി പ്രതീക്ഷിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam