പ്ലസ് ടു അധ്യാപകരുടെ വിവാദ സ്ഥലംമാറ്റം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുമ്പ് രഹസ്യമായി പുറത്തിറക്കി

By Web DeskFirst Published May 26, 2016, 4:35 PM IST
Highlights

വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് സ്റ്റാഫും ഹയര്‍സെക്കണ്ടറി വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരും കോഴ വാങ്ങി പ്ലസ് ടു അധ്യാപക സ്ഥലംമാറ്റത്തിന് ഒരുക്കം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് നാലു മാസം മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ചില അധ്യാപകര്‍ ട്രിബ്യൂണലിനെ സമീപിച്ച്  ഉത്തരവ് തടയുകയായിരുന്നു.  ഇതേ ഉത്തരവാണ് പിണറായി മന്ത്രിസഭ ചുമതലയേറ്റദിവസം തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ അറിവില്ലാതെ പുറത്തിറക്കിയത്. ട്രിബ്യൂണലിന്റെ നിര്‍ദ്ദേശമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ഇതിനുള്ള ന്യായീകരണം.

പക്ഷെ കോഴ വാങ്ങി  നേരത്തെ ഉറപ്പ് നല്‍കിയ സ്ഥലം മാറ്റം നടപ്പുവരുത്താനാണ് ധൃതി പിടിച്ച് സ്ഥലം മാറ്റം നടപ്പാക്കിയതെന്ന് ഇടത് അധ്യാപകസംഘടനകള്‍ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിക്കഴിഞ്ഞു. ജൂണ്‍ ഒന്നിന് പുതിയ സ്കൂളില്‍ ജോലിക്ക് പ്രവേശിക്കുന്നവിധം എത്രയും പെട്ടെന്ന്  ജോലി ചെയ്യുന്ന സ്കൂളുകളില്‍ നിന്ന് റിലീവ് ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിയമനടപടി ഉണ്ടാകുന്നത് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും ആരോപണമുണ്ട്.
 
പുതിയ സര്‍ക്കാര്‍ ഭരണമേറ്റെടുക്കുന്ന ദിവസം തന്നെ ധൃതി പിടിച്ച് ഉത്തരവിറക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സെക്രട്ടറിയേറ്റിലെ  ചില ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അസാധാരണമാണ് ഈ നടപടിയെന്നും അവര്‍ ചുണ്ടിക്കാട്ടുന്നു. സ്ഥലം മാറ്റത്തേക്കുറിച്ച് 4000ത്തിലേറെ പരാതികള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ക്കു് മുമ്പാകെ ഉള്ളപ്പോഴാണ് നടപടി. കോഴ  വാങ്ങി എന്ന ആരോപണത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയായിരുന്ന പികെ അബ്ദുറബ്ബ് അന്വേഷണത്തിന് ഉത്തരിവിട്ടുരുന്നവെങ്കിലും അതും നടന്നിട്ടില്ല.
 

 

click me!