ബന്ധം വേര്‍പ്പെടുത്തി പോയവരെ ധ്യാനിക്കാന്‍ പെണ്ണുങ്ങള്‍ക്ക് മനസില്ല സേട്ടന്മാരെ; അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Published : Feb 07, 2018, 12:04 PM ISTUpdated : Oct 05, 2018, 02:40 AM IST
ബന്ധം വേര്‍പ്പെടുത്തി പോയവരെ ധ്യാനിക്കാന്‍ പെണ്ണുങ്ങള്‍ക്ക് മനസില്ല സേട്ടന്മാരെ; അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Synopsis

നടി ദിവ്യാ ഉണ്ണിയുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു. അമേരിക്കന്‍ മലയാളിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം ചെയ്തത്. എന്നാല്‍ ദിവ്യാ ഉണ്ണിയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വളരെ മോശമായ കമന്‍റുകളാണ് വരുന്നത്. എന്നാല്‍ രണ്ടാമതും വിവാഹിതയായ നടിയെ അപഹസിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് അധ്യാപികയായ ദിവ്യ ദിവാകരന്‍.

ദിവ്യാ ദിവാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നടി ദിവ്യാ ഉണ്ണിയുടെ വിവാഹ വാര്‍ത്തയുടെ അടിയില്‍ അവരെ അപഹസിച്ചുകൊണ്ടുള്ള കമന്‍റുകള്‍ യഥാര്‍ത്ഥത്തില്‍ മാനസികമായി അരക്ഷിതരായിക്കൊണ്ടിരിക്കുന്ന പിന്തിരിപ്പന്‍ പുരുഷുക്കളുടെ ദയനീയ രോദനങ്ങള്‍ മാത്രമാണ്. തങ്ങളുടെ സന്തോഷങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി മാത്രം കെട്ടിപ്പൊക്കിവച്ചിരുന്ന സംവിധാനങ്ങളൊക്കെ തകര്‍ന്നടിയുന്നത് കാണുമ്പോഴുളള ഭയപ്പാടില്‍ നിന്നുണ്ടാകുന്ന 'പുരുഷവിലാപങ്ങള്‍'.

കെട്ടിയോന്‍ മരിച്ചു പോയാലും ഇട്ടിട്ടു പോയാലും അയാളെ ധ്യാനിച്ച്, വേറെ വിവാഹം കഴിക്കാതെ, ഒരായുസ്സ് തീര്‍ക്കുന്ന ഉത്തമ സ്ത്രീയെ മാത്രമേ പുരുഷാധിപത്യ സമൂഹത്തിന് പഥ്യമുളളൂ. പണ്ട് തീയില്‍ പിടിച്ചിട്ടിരുന്നവരുടെ മനശാസ്ത്രത്തില്‍ നിന്ന് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇന്ന് തീയില്‍ പിടിച്ചിടാന്‍ നിയമം അനുവദിക്കാത്തതുകൊണ്ട് അത് ചെയ്യുന്നില്ലെന്ന് മാത്രം.

മക്കളുളള സ്ത്രീ ഡിവോഴ്സ് ആയെങ്കില്‍ പിന്നെ അവള്‍ ആ മക്കള്‍ക്ക് വേണ്ടി ജീവിച്ചോണം എന്ന അലിഖിത നിയമം നിലനില്‍ക്കുന്ന സമൂഹത്തില്‍ രണ്ട് മക്കളുളള ദിവ്യാ ഉണ്ണി, വിവാഹ മോചനത്തിന് ശേഷം, ആദ്യത്തെ ഭര്‍ത്താവിനേക്കാള്‍ സുന്ദരനും സുമുഖനും ചെറുപ്പക്കാരനുമായ പുതിയൊരാളെ വിവാഹം കഴിച്ച് സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ഇന്നാട്ടിലെ പുരുഷുക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തെ ഹൃദായാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ത്രീയും അവളുടെ സഹനത്തിനു മുകളില്‍ മാത്രം പടുത്തുയര്‍ത്തിയ കുടുംബം എന്ന സംവിധാനവും കണ്‍മുന്നില്‍ മാറിമറിയുന്നത് കണ്ട് ഭയപ്പെട്ടുപോകുന്നവര്‍ അടിച്ചമര്‍ത്താനും അപഹസിക്കാനും ശ്രമിക്കുന്നത് സ്വാഭാവികം.

എത്ര സ്നേഹത്തോടെ കൂടെ ജീവിച്ച ഭാര്യയാണെങ്കിലും, മരിച്ചു പോയാല്‍ ഒരു വര്‍ഷമാകുമ്പോഴേക്കും വേറെ പെണ്ണു കെട്ടിയിട്ടുണ്ടാകും മിക്ക അവന്‍മാരും. ഡിവോഴ്സിന്‍റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഭാര്യ കുട്ടികളേയും കൊണ്ട് ജീവിക്കുക. ഭര്‍ത്താവ് വേറെ പെണ്ണു കെട്ടി ജീവിക്കുക, ഇതായിരുന്നല്ലോ നാട്ടു നടപ്പ്!

പത്തറുപത് വയസ്സുവരെ കൂടെ ജീവിച്ച ഭാര്യ ക്യാന്‍സര്‍ വന്ന് മരിച്ച് മാസങ്ങള്‍ക്കകം വേറെ പെണ്ണു കെട്ടിയ അപ്പാപ്പന്‍മാര്‍വരെയുണ്ട് നാട്ടില്‍! വിവാഹിതരായ മക്കളുളളവര്‍! അതിലൊന്നും ഒരു പ്രശ്നവും തോന്നാത്ത ആണ്‍ സമൂഹമാണ് കേവലം മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹത്തില്‍ രോഷം കൊളളുന്നത്.

എന്തായാലും കാര്യങ്ങള്‍ മാറിമറിയുന്നുണ്ട്. ഒന്നാം വിവാഹത്തിന് പോലും സാധാരണക്കാരനായ പുരുഷന് പെണ്ണു കിട്ടാത്ത ഒരു സാമൂഹിക സാഹചര്യം ഉണ്ടാകുന്നുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ നന്ന്. അഹങ്കാരം ഇത്തിരി കുറയും.

രണ്ട് കുട്ടികളെക്കുറിച്ച് തന്തക്ക് ഇല്ലാത്ത ആകുലത തളളക്ക് ആവശ്യമില്ല. ''മക്കളെ ഇനി ആര് നോക്കുമെടീ'' എന്നൊക്കെ ചോദിക്കുന്നവന്‍മാരോട് ഇതേ പറയാനുളളു. രണ്ട് മക്കളുളള മുകേഷും ഗണേഷും സിദ്ധിക്കുമൊക്കെ രണ്ടാം വിവാഹം കഴിച്ചത് നിങ്ങളുടെയൊക്കെ മുന്നില്‍ത്തന്നെയല്ലേ? അന്നൊന്നും കണ്ടില്ലല്ലോ ഈ ധാര്‍മികരോഷം?

മരിച്ചു പോയവരേയും ബന്ധം വേര്‍പെടുത്തി പോയവരേയുമൊക്കെ ധ്യാനിച്ച് ജീവിക്കാന്‍ ഇനിയുളള കാലത്തെ പെണ്ണുങ്ങള്‍ക്ക് മനസ്സില്ല സേട്ടന്‍മാരേ! മക്കള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന കലാപരിപാടി വേണമെങ്കില്‍ നിങ്ങള്‍ ഏറ്റെടുത്തുകൊളളുക. ഞങ്ങള്‍ സൗകര്യം പോലെ രണ്ടും മൂന്നും നാലും ഒക്കെ കെട്ടും. ചിലപ്പോ കെട്ടാതെതന്നെ കൂടെ പൊറുത്തെന്നുമിരിക്കും. നിങ്ങളൊക്കെ കമന്‍റ് ബോക്സില്‍ കിടന്നിങ്ങനെ നിലവിളിച്ച് തീരുകയേ ഉളളൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐ മൂഢസ്വർഗത്തില്‍,ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്, സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്ന് വെളളാപ്പളളി
മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,