ഗേള്‍സ് സ്‌കൂളില്‍ 50 വയസ്സിന് താഴെ പ്രായമുള്ള അധ്യാപകര്‍ വേണ്ടെന്ന് പഞ്ചാബ്

By Web deskFirst Published Feb 9, 2018, 12:02 PM IST
Highlights

ചണ്ഡിഗര്‍: 50 വയസ്സിന് താഴെ പ്രായമുള്ള പുരുഷ അധ്യാപകരെ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ നിയമിക്കരുതെന്ന് പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ്. ടീച്ചര്‍ ട്രാന്‍സ്ഫര്‍ പോളിസിയുടെ ഭാഗമായാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം വകുപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നുമുളള നിലപാടിലാണ് പഞ്ചാബിലെ അധ്യാപക സംഘടനകള്‍. 

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സ്വാഭാവത്തെ ചോദ്യം ചെയ്യുന്നതാണ് ഈ തീരുമാനമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സര്‍ക്കാര്‍ അധ്യാപക യൂണിയന്‍ അധ്യക്ഷന്‍ സുഖ് വീന്തര്‍ ചാഗല്‍ പറഞ്ഞു. അധ്യാപകരുടെ ട്രാന്‍സ്ഫര്‍ പോളിസി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും മാത്രമാണ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്നും യൂണിയന്‍ അറിയിച്ചു. 
 
വനിതാ അധ്യാപകര്‍ പോലും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല. സ്‌കൂളിലെ എല്ലാ കാര്യങ്ങളും വനിതാ അധ്യാപകര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. വിദ്യാഭ്യാസ സംബന്ധമായ യാത്രകള്‍ക്ക് കുട്ടികളെ കൊണ്ടുപോകുന്നടക്കമുള്ള കാര്യങ്ങള്‍ക്ക് പുരുഷ അധ്യാപകരുടെ സേവനം ആവശ്യമാണെന്നും ഗേള്‍സ് സീനിയര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു. 

click me!