
ദില്ലി: ബ്രിക്സിനു പിന്നാലെ ബിംസ്ടെക് കൂട്ടായ്മയും ഭീകരവാദത്തിന്റെ കാര്യത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഭീകരരെ രക്തസാക്ഷികളായി ചിത്രീകരിക്കാൻ ഒരു രാജ്യവും ശ്രമിക്കരുതെന്ന് ബിംസ്ടെക് സംയുക്തപ്രഖ്യാപനം ആവശ്യപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, മ്യാൻമാർ, ബംഗ്ലാദേശ്, ഭൂട്ടാൻ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ബിംസ്ടെക് കൂട്ടായ്മ, ബ്രിക്സ് പ്രഖ്യാപനത്തെക്കാൾ ശക്തമായ ഭാഷയിലാണ് ഭീകരവാദത്തെ അപലപിച്ചത്.
ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിനൊപ്പം ഭീകരവാദികളെ പിന്തുണയ്ക്കുകയും, അഭയം നല്‍കുകയും സാമ്പത്തിക സഹായം ചെയ്യുകയും അവരെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം എന്ന് വ്യക്തമാക്കി പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് കൂട്ടായ്മ നല്‍കുന്നു.
ഒപ്പം ഭീകരവാദികളെ രക്തസാക്ഷികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം എന്ന് വ്യക്തമാക്കി. ബുർഹൻ വാനിയെ നവാസ് ഷെരീഫ് സമരനായകനായി യുഎന്നിൽ വിശേഷിപ്പിച്ചതിനെയും ബിംസ്ടെക് രാജ്യങ്ങൾ തള്ളി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങളെ യുഎന്നിൽ പിന്തുണയ്ക്കാമെന്ന് ബ്രസീൽ പ്രസിഡന്റ് മൈക്കൽ ടെമർ ഗോവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു.
ഇതിനിടെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്ന പ്രസ്താവനയോട് പൂർണ്ണമായും യോജിച്ചില്ലെന്ന് ചൈന ഇന്ന് പരസ്യമായി സൂചിപ്പിച്ചു. ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പാകിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്ത് വന്നത് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഭീകരവാദത്തെ ഒരു രാജ്യവുമായും ബന്ധപ്പെടുത്താനാവില്ല എന്നാണ് ചൈനീസ് വിദേശകാര്യവക്താവ് ഇന്ന് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam