2000 രൂപ നോട്ടിൽ നാനോടെക്നോളജിയുണ്ടെന്ന് ഡോ എൻ ഗോപാലകൃഷ്ണൻ

By Web DeskFirst Published Nov 22, 2016, 2:32 AM IST
Highlights

നോട്ടിൽ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും പക്ഷെ ബാക്കിയുള്ള സംവിധാനങ്ങൾ എല്ലാം നോട്ടിലുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻറെ ഭാഷ്യം. പുതിയ നോട്ടിൽ നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയ സംവിധാനം ഉണ്ടെന്നും എന്നാല്‍ അത് ചിപ്പെല്ലന്നും പുറത്തുനിന്ന് ഊർജ്ജം ആവശ്യമില്ലാത്ത സിഗ്‌നൽ റിഫ്‌ളക്ടറായാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നുമൊക്കെയാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയൽ നമ്പർ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനമെന്നും എവിടെയാണ് പണമിരിക്കുന്ന ലൊക്കേഷൻ, എത്ര നോട്ടുകൾ ഉണ്ട് എന്നും കൃത്യമായ വിവരം നൽകുമെന്നുമൊക്കെ അവകാശപ്പെടുന്ന ഗോപാലകൃഷ്ണന്‍ ഇതിൽ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് ആവർത്തിക്കുന്നുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയൽ എന്താണെന്ന വിവരം സർക്കാർ ഇനിയും പുറത്തുവിട്ടിട്ടില്ലെന്നാണ് ഗോപാലകൃഷ്ണൻറെ വിശദീകരണം.

നോട്ടുകൾ കുറേക്കാലം ഒരിടത്തിരിക്കുകയോ 'ഉദ്ദേശശുദ്ധിയില്ലാതെ' സൂക്ഷിക്കുകയോ ചെയ്താൽ ഇത് ആദായ നികുതി വകുപ്പിന് വിവരം നൽകുമെന്നും അപ്പോൾ വീടും അലമാരയും ഇടിച്ചുപൊളിക്കാതെ തന്നെ പണം എവിടുണ്ടെന്ന് മനസിലാക്കി ആദായ നികുതി വകുപ്പിന് പണം കണ്ടെത്താൻ കഴിയുമെന്നുമൊക്കെയുള്ള രസകരമായ വിശദീകരണങ്ങളും വീഡിയോയിലുണ്ട്.  

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടറായ ഗോപാലകൃഷ്ണൻ അടുത്തകാലത്ത് വിവാദ പ്രഭാഷണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു. വീഡിയോ കാാണാം

click me!