പ്രസംഗത്തിനിടെ കൂവിയ പെണ്‍കുട്ടിയെ കണ്ടാല്‍ നന്ദി പറയുമെന്ന് ഡോ. രജത് കുമാര്‍

By Web DeskFirst Published May 9, 2017, 12:35 AM IST
Highlights

2011 ല്‍ വിമന്‍സ് കോളേജില്‍ നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ ജാഥയുടെ സമാപന ചടങ്ങില്‍ രജത് കുമാര്‍ സംസാരിക്കുന്നതിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ആര്യ എന്ന വിദ്യാര്‍ത്ഥിനി  പരസ്യമായി കൂവി പ്രതിഷേധിച്ചിരുന്നു. മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് ഡോ. രജത് കുമാര്‍ഈ സംഭവത്തെ പരാമര്‍ശിക്കുന്നത്. 

കാസര്‍കോട് നിന്നാരംഭിച്ച ആ ജാഥ 100 കാമ്പസുകളിലൂടെ സഞ്ചരിച്ച് എത്തിയപ്പോഴായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. ജാഥാ ക്യാപ്റ്റനായിരുന്ന രജത് കുമാര്‍ പെണ്‍കുട്ടികള്‍ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. 

'ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി  നടക്കണം എന്ന്.  ഇഷ്ടപ്പെട്ടില്ല! ഇഷ്ടപ്പെട്ടില്ല! പയ്യന്‍ ഇവിടുന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിക്കു ചാടണം. ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ ഒന്നു സ്ലിപ് ചെയ്ത് നീ ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്രസ് സ്‌കിപ് ചെയ്തു പോവും. അത് കഴിഞ്ഞാല്‍ നീ ത്രീ ടു ഫൈവ് ലാക്‌സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്രറസ് നേരെയാക്കാന്‍. നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ'-ഇതായിരുന്നു വിവാദ പരാമര്‍ശം. 

ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെണ്‍കുട്ടികളെന്നും പ്രസംഗത്തില്‍ പറയുന്നു. പെണ്‍കുട്ടികളെന്തിനാണു ജീന്‍സ് ധരിക്കുന്നത്? ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹവും ഇല്ലാതാവും.
തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ്. മാനംമര്യാദയ്ക്കു വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ലെന്നും ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നുമായിരുന്നു പ്രസംഗം. 

ഇതിനെ തുടര്‍ന്നായിരുന്നു ആര്യ എന്ന പെണ്‍കുട്ടി സദസ്സിലിരുന്ന് കൂവി പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദമായി. രജത് കുമാറിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. അതിനിടെ, മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയെ തുടര്‍ന്ന്,  മനുഷ്യാവകാശ കമ്മീഷന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ ഗിരിജാ ദേവിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. രജത് കുമാര്‍ ഋഷി തുല്യനാണെന്നായിരുന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. കൂവി പ്രതിഷേധിച്ച തിരുവനന്തപുരം വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി ആര്യയുടെ പ്രവര്‍ത്തി വകതിരിവില്ലാത്തതാണെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സംഭവം കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷമാണ്, രജത് കുമാറിന്റെ ലേഖനം മാധ്യമം പ്രസിദ്ധീകരിച്ചത്. 

പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രങ്ങള്‍ ഇടുന്നതും അതിന്റെ ഭാഗമായുള്ള ശാരീരിക പ്രശ്‌നങ്ങളുമെല്ലാം പറയുന്നതിനിടെയാണ് ആ പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് കൂവിയതെന്ന് രാജത് കുമാറിന്റെ ലേഖനത്തില്‍ പറയുന്നു. താന്‍ സ്ത്രീ വിരുദ്ധമായി ഒന്നും പറഞ്ഞില്ലെന്നും ഇത് ബോധ്യപ്പെട്ടതിനാല്‍, മറ്റാരും പ്രതിഷേധിച്ചില്ലെന്നും കുറിപ്പില്‍ പറയുന്നു. 

'എന്നാല്‍ പെണ്‍കുട്ടിയുടെ പ്രവൃത്തി പിന്നീട് വലിയ ഒരു കാര്യമായി ചിത്രീകരിക്കപ്പെടുകയും എന്നെ കുറ്റക്കാരനായി ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സമൂഹത്തിന്റെ ശ്രദ്ധ നേടാനും എന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കപ്പെടാനും ആ സഹോദരിയുടെ പ്രവൃത്തിമൂലം കാരണമായെന്ന് പറയാതെ വയ്യ. അതിനാല്‍ ആ പെണ്‍കുട്ടിയോട്? എനിക്കിന്നും നന്ദിയുണ്ട്' ലേഖനത്തില്‍ പറയുന്നു.  

'എന്നെ മലയാളിക്ക് മുന്നില്‍ ശ്രദ്ധിപ്പിക്കാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. എന്നെങ്കിലും ആ പെണ്‍കുട്ടിയെ കണ്ടാല്‍, എനിക്ക് വഴിത്തിരിവുണ്ടാക്കിയതിന് ഞാന്‍ നന്ദി പറയും'-എന്നു പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.  

28 ാം വയസില്‍ ഗവ.കോളേജ് അദ്ധ്യാപകനായിരിക്കെ, കൂട്ടുകെട്ടുകള്‍ കാരണം മദ്യപാനം തുടങ്ങിയതും അമിത മദ്യപാനത്തിനിരയായി ജീവിതം തകരാന്‍ തുടങ്ങിയതും 10 വര്‍ഷത്തെ മദ്യപാന ശീലം അവസാനിപ്പിക്കുകയും ചെയ്തതായി ലേഖനത്തില്‍ രജത് കുമാര്‍ എഴുതുന്നു. 

click me!