ദില്ലി രാജ്നിവാസിൽ നാടകീയ രംഗങ്ങൾ; കെജ്‍രിവാളും മൂന്ന് മന്ത്രിമാരും ധർണ തുടരുന്നു

By Web DeskFirst Published Jun 12, 2018, 9:52 AM IST
Highlights
  • ഗവര്‍ണറുടെ ഓഫീസില്‍ രാഷ്ട്രീയ നാടകം
  • മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണ തുടരുന്നു
  • കൂടിക്കാഴ്ച പോലും സമ്മതിക്കാതെ ഗവര്‍ണര്‍

ദില്ലി: ദില്ലിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ഇന്നലെ രാത്രി തുടങ്ങിയ ധര്‍ണ ഇപ്പോഴും തുടരുകയാണ്. ഇവരുമായി കൂടിക്കാഴ്ചക്ക് പോലും ഗവര്‍ണര്‍ വിസമ്മതിച്ചതോടെ രാജ്യതലസ്ഥാനത്ത് ഭരണവും സ്തംഭിച്ച അവസ്ഥയാണ് നിലവില്‍ ഉള്ളത്. 

ഗവര്‍ണര്‍ അനില്‍ ബൈജാലും ദില്ലി സര്‍ക്കാരും തമ്മില്‍ മാസങ്ങളായി തര്‍ക്കം നടക്കുകയാണ്. സര്‍ക്കാര്‍ കൊണ്ടു വരുന്ന വികസന പദ്ധതികള്‍ക്കൊന്നും ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. വീട്ടുപടിക്കല്‍ റേഷന് എത്തിക്കാനുള്ള പദ്ധതി, നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടും. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. 

നിയമസഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് പോലും മറുപടി തരുന്നില്ല. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരെ നിയന്തിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. ജോലി ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടിക്കാഴ്ചക്ക് പോലും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ഇന്നലെ രാത്രി മുതല്‍ ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ ധര്‍ണ തുടങ്ങിയത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാല്‍ റായ് എന്നിവര്‍ ധര്‍ണ നടത്തുമ്പോള്‍ മന്ത്രി സത്യേന്ദര്‍ ജെയിന്‍റേത് നിരാഹാര സമരമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവരുള്ളത്‍. ഗവര്‍ണറാകട്ടെ, കൂടിക്കാഴ്ച പോലും അനുവദിക്കുന്നില്ല. ഇതോടെ ഗവര്‍ണറുടെ ഓഫീസിന് ചുറ്റും വന്‍ സുരക്ഷ ഒരുക്കിയിരിക്കുകയാണ് പൊലീസ്. 

click me!