നാട്ടിലെ ലോകകപ്പ് ആവേശത്തിന് മൊഞ്ചേറ്റി ഹസന്‍റെ ചിത്രങ്ങള്‍

By Web deskFirst Published Jun 14, 2018, 12:17 AM IST
Highlights
  • വിസ്മയമായി പത്താം ക്ലാസുകാരന്‍റെ ചിത്രങ്ങള്‍

കാസർകോഡ്: ലോകകപ്പ് അടുത്ത് എത്തിയതോടെ നാട്ടിലെങ്ങും ഫ്ലക്സുകളാണ് താരം. ഇഷ്ട ടീമിനെയും താരത്തെയുമൊക്കെ വഴിയരിയില്‍ ഫ്ലക്സുകളിലാക്കി വച്ച് ആരാധകര്‍ കാല്‍പ്പന്ത് കളിയുടെ ലോക പൂരത്തിനെ ആഘോഷമാക്കുന്നു. ലോകകപ്പ് ഫുട്‌ബോൾ ആവേശം നാടാകെ പരക്കുമ്പോൾ ലോകോത്തര താരങ്ങളെ ചുവരുകളിലേക്ക് പകര്‍ത്തി താരമാവുകയാണ്  കാസർകോട് ചെമ്മനാട്ടെ  ഹസൻ എന്ന പതിനഞ്ചുവയസുകാരൻ. അര്‍ജന്‍റീനയുടെ ലിയോണല്‍ മെസി, പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്‍റെ അന്‍റോണിയോ ഗ്രീസ്മാന്‍, ജര്‍മനിയുടെ ടോണി ക്രൂസ്, ഈജിപ്തിന്‍റെ മുഹമ്മദ് സലാ, സ്‌പെയിനിന്‍റെ ഇസ്‌കോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയൊക്കെ ഹസൻ ഇതിനകം ചെമ്മനാട്ടെ കെട്ടിട ചുമരുകളിൽ പകർത്തിക്കഴിഞ്ഞു.

നിറച്ചായങ്ങളില്‍ ചാലിച്ച താരങ്ങളുടെ ചിത്രങ്ങൾ ജീവൻ തുടിക്കുന്നവയാണ്. ചെമ്മനാട് നെച്ചിപ്പടുപ്പിലെ യുവാക്കളുടെ കൂട്ടായ്മയായ എന്‍.സി. ആന്‍ഡ് ബിക്കുവേണ്ടി യാണ്‌ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഹസന്‍റെ വരകള്‍. സ്‌കൂള്‍ കലോത്സവങ്ങളില്‍ ചിത്രരചന മത്സരങ്ങളില്‍ മികവ് കാട്ടിയിരുന്ന ഹസന്‍ പ്രഫഷണല്‍ ടച്ചുള്ള ചിത്രങ്ങൾ വരയ്ക്കുന്നതിലും മികവ് പുലര്‍ത്തുന്നു. കഴിഞ്ഞ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചിത്രരചനാ ഇനങ്ങളിലടക്കം നാല് ഒന്നാം സ്ഥാനങ്ങള്‍ നേടിയ ഹസന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങിലും അറബിക് പോസ്റ്റര്‍ നിര്‍മാണത്തിലും എണ്ണ ചായത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

വിവിധ ഡിപ്പാര്‍ട്‌മെന്‍റ് തല മത്സരങ്ങളിലും വിവിധ സംഘടനകള്‍ സംഘടിപ്പിച്ച മത്സരങ്ങളിലും ഹസന്‍ ചിത്രരചനയിൽ വിജയം നേടിയിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍സുകള്‍ക്കും കോഫി ഷോപ്പിനും കായികമത്സരങ്ങള്‍ക്കും ചുവര്‍ ചിത്രങ്ങള്‍ വരച്ച്‌ കൊടുത്തിരുന്ന ഹസന്‍ ആദ്യമായാണ് പോര്‍ട്രൈറ്റ് ചുവര്‍ചിത്രം വരയ്ക്കുന്നത്. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്എസ്എല്‍സി  പൂര്‍ത്തിയാക്കിയ ഹസന്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടർപഠനത്തിന്‌ യോഗ്യത നേടിയിട്ടുണ്ട്. ചെമ്മനാട് കൊല്ലംപാടിയിലെ മുഹമ്മദ് കുഞ്ഞിയുടെയും സുഹ്‌റാബിയുടെയും മകനാണ്.

click me!