ഫ്രാൻസിൽ ബുർഖിനി നിരോധനത്തിന്  കോടതിയുടെ വിലക്ക്

By Web DeskFirst Published Aug 27, 2016, 3:33 AM IST
Highlights

ഫ്രാൻസിൽ തുടർച്ചയായി ഭീകരാക്രമണമുണ്ടായ പശ്ചാത്തത്തിലാണ് രാജ്യത്തെ ബീച്ചുകളിലും റിസോട്ടുകളിലും ബുർഖിനി നിരോധിക്കാൻ നഗര ഭരണകൂടങ്ങൾ തീരുമാനമെടുത്തത്. ബുർഖിനിയുടെ പേരെടുത്ത് പറയാതെ ബീച്ചുകളിലെ വസ്ത്രം പരസ്പര ബഹുമാനമുണ്ടാക്കുന്നതും മതേതരത്വത്തിന് കോട്ടം തട്ടാത്തതുമാകണമെന്നായിരുന്നു നഗര ഭരണകൂടങ്ങളുടെ അറിയിപ്പ്. 

ഈ അറിയിപ്പിനെ തുടർന്ന് ബീച്ചുകളിൽ പൊലീസ് ചില സ്ത്രീകളുടെ ബു‌ർഖിനി അഴിപ്പിച്ചത് മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിഷയം കോടതിയിലെത്തിയത്. ഇസ്ലാം മത വിശ്വാസികളെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണ് നഗരസഭകളുടെ തീരുമാനമെന്നാരോപിച്ച് ചില സന്നദ്ധ സംഘടനകളാണ് രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി നൽകിയത്. 

ഹർജിക്കാരുടെ വാദം അംഗീകരിച്ച കോടതി ബുർഖിനി നിരോധനം പൗര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് വിധിച്ചു. നഗരമേയർമാർക്ക് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ മുപ്പതിലധികം ബീച്ചുകളിലും റിസോട്ടുകളിലും ബുർഖിനി നിരോധനം നിലവിലുണ്ട്. 

പിഴ ഈടാക്കിയവർക്ക് തുക തിരിച്ചു നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ വിധി വന്ന പശ്ചാത്തലത്തിലും മുൻപ് ഭീകരാക്രമണമുണ്ടായ നീസും, ഫ്രജസ്,സിസ്കോ എന്നീ നഗരസഭകളും നിരോധനവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. 

ഇതിനിടെ പുറത്തുവന്ന ചില അഭിപ്രായ സർവ്വേകളിൽ ഫ്രാൻസിൽ ബുർഖിനി നിരോധിക്കണമെന്ന് രാജ്യത്തെ  ഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
 

click me!