വന്‍കിട മരുന്നു കമ്പനികളുടെ 27 അവശ്യമരുന്നുകള്‍ക്ക് നിലവാരമില്ല

By Web DeskFirst Published Nov 28, 2016, 8:45 AM IST
Highlights

ദില്ലി: രാജ്യത്ത് വൻകിട കമ്പനികൾ വിൽക്കുന്ന 27 അവശ്യമരുന്നുകൾ നിലവാരമില്ലാത്തതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലാണ് മരുന്നുകളുടെ നിലവാരത്തെ കുറിച്ച് സര്‍ക്കാർ ഏജൻസികൾ പഠനം നടത്തിയത്. സിപ്ല,സണ്‍ഫാര്‍മ, അബോട്ട് ഇന്ത്യ ഉൾപ്പടെ 18 കമ്പനികൾ ഇന്ത്യയിൽ വിതരണം ചെയ്യുന്ന അവശ്യമരുന്നുകളാണ് മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമബംഗാൾ, ഗോവ, ഗുജറാത്ത്, കേരള, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സര്‍ക്കാർ ഏജൻസികൾ പഠനവിധേയമാക്കിയത്.

പഠനത്തിൽ 27 അവശ്യമരുന്നുകൾക്ക് നിലവാരമില്ല എന്ന് കണ്ടെത്തി. പ്രമുഖ കമ്പനിയായ ആൽകെംലാബിന്റെ ആന്റിബയോട്ടിക് മരുന്നായ ക്ലാവാം ബിഡ് സിറപ്പിൽ ക്ലവുലാനിക് ആസിഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. 257 കോടി രൂപയുടെ ഈ മരുന്നിന്റെ വാര്‍ഷിക വില്‍പന. ജി.എസ്.കെ ഇന്ത്യയുടെ അണുബാധക്കുള്ള മരുന്നിലെ സെഫാലെക്സിന്റെ അളവ് 62 ശതമാനം മാത്രമാണ്. 90 ശതമാനം കുറയാതെയുള്ള അളവ് വേണമെന്നിരിക്കെയാണ് ഇത്. സിപ്ല കമ്പനി വിൽക്കുന്ന ഫിക്സോപാറ്റ്, സിപ്ളോറിക്, ഒമേസിപ് ഡി തുടങ്ങിയ മരുന്നുകൾ നിലവാരമില്ലാത്തതാണെന്ന് കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലെ പഠനത്തിൽ കണ്ടെത്തി.

ഇതുപോലെ പോളിക്യാപ്, കാഡില തുടങ്ങി ഇന്ത്യയിലെ മരുന്ന് വിപണിയെ 40 മുതൽ 90 ശതമാനം വരെ നിയന്ത്രിക്കുന്ന കമ്പനികളുടെ മരുന്നുകളും ആവശ്യമായ നിലവാരം ഉറപ്പുവരുത്താതെ വിറ്റഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെടുന്ന മരുന്ന് മറ്റ് സംസ്ഥാനങ്ങളിൽ വിറ്റഴിക്കുന്ന സാഹചര്യവും ഉണ്ട്.

click me!