മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

Published : Nov 29, 2017, 12:32 PM ISTUpdated : Oct 04, 2018, 05:55 PM IST
മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

Synopsis

തിരുവനന്തപുരം: മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം. സിപിഐ അംഗമായിരുന്ന അദ്ദേഹം ആറാം മന്ത്രിസഭയിലും എട്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. സംസ്‌കാരം മറ്റന്നാള്‍ വൈകീട്ട് ശാന്തികവാടത്തില്‍.

ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായി 1928 ഡിസംമ്പര്‍ 02ന് കൊട്ടാരക്കരയില്‍ ജനനം. ഭാര്യ മനോരമ നായര്‍. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിഎസ്.സി ബിരുദവും എറണാകുളം ലോ കോളേജില്‍നിന്നും ബി.എല്‍ ബിരുദവും നേടി. അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഐഎസ്പിയില്‍ ചേര്‍ന്നു. 1952ല്‍ സിപിഐയിലെത്തി.

ആദ്യ നിയമസഭയുടെ ഭാഗമായി

1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരകാലത്ത് വെളിയം ഭാര്‍ഗ്ഗവനൊപ്പം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.  1957ല്‍ ഐക്യ കേരളത്തിലെ ആദ്യ നിയമസഭാംഗമായി. അന്ന് തോപ്പില്‍ ഭാസിയും പുനലൂര്‍ രാജഗോപാലന്‍ നായരും ഇ ചന്ദ്രശേഖരന്‍ നായരും പി ഗോവിന്ദപ്പിള്ളയും ചേര്‍ന്ന സംഘം ജിഞ്ചര്‍ ഗ്രൂപ്പ് എന്നാണറിയപ്പെട്ടിരുന്നത്. 6 തവണ നിയമസഭാംഗവും 3 തവണ മന്ത്രിയുമായി. ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഹൗസിങ്, മൃഗസംരക്ഷണം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 

1967 ല്‍ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നും ആര്‍ ബാലകൃഷ്ണ പിള്ളയെ തോല്‍പ്പിച്ച് മൂന്നാം നിയമസഭയിലും അംഗമായി. എന്നാല്‍ 1970ല്‍ മുഖ്യമന്ത്രി സി അച്യുത മേനോന് നിയമസഭാംഗമാകാന്‍ വേണ്ടി എംഎല്‍എ സ്ഥാനം രാജി വെച്ചു. 

1982ല്‍ ആര്‍ ബാലകൃഷ്ണപിള്ള ചന്ദ്രശേഖരന്‍ നായരെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചു പിടിച്ചു. അഞ്ചാം നിയമസഭയിലും ആറാം നിയമസഭയിലും ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1980 ജനുവരി 25 മുതല്‍ 1981 ഒക്ടോബര്‍ 20 വരെ ആറാം നിയമസഭയില്‍, നായനാര്‍ മന്ത്രിസഭയില്‍  ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

മാവേലിസ്റ്റോര്‍ ശൃംഖലയ്ക്ക് തുടക്കം കുറിച്ചു

1987ല്‍ പത്തനാപുരത്തുനിന്നും വീണ്ടും നിയമസഭാംഗമായി, നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായി. (1987 ഏപ്രില്‍ 02 മുതല്‍ 1991 ജൂണ്‍17 വരെ). പത്താം നിയമസഭയില്‍ കരുനാഗപ്പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, നായനാര്‍ മന്ത്രിസഭയില്‍ 1996 മേയ് 20 മുതല്‍ 2001 മേയ് 13 വരെ ഭക്ഷ്യ, നിയമ, ടൂറിസം വകുപ്പുകളുടെ ചുമതല. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ പരിശ്രമത്തിലാണ്, മാര്‍ക്കറ്റ് വില നിയന്ത്രിക്കാനും, സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കാനും മാവേലി സ്റ്റോര്‍ ശൃംഖല ആരംഭിച്ചത്.

1980ല്‍ സബ്ജക്റ്റ് കമ്മിറ്റികളുടെ രൂപീകരണത്തിനായുള്ള അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനായി. ബഡ്ജറ്റിന്റെ വിശദ പരിശോധനയ്ക്കായി 10 സബ്ജക്റ്റ് കമ്മിറ്റികള്‍ക്കായി ശുപാര്‍ശ ചെയ്തത് ഇന്ത്യയില്‍ത്തന്നെ നിയമസഭാ ചരിത്രത്തിലെ നൂതനാശയമായിരുന്നു. ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തി 1999ല്‍ അദ്ദേഹം അധ്യക്ഷനായുള്ള കമ്മിറ്റിയാണ് തുടര്‍ന്നു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും തയ്യാറാക്കിയത്. 

സഹകരണ പ്രസ്ഥാനത്തിനൊപ്പം

സഹകരണ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം 29 വര്‍ഷത്തിലേറെക്കാലം കൊല്ലം ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനായിരുന്നു. കൂടാതെ അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ അധ്യക്ഷന്‍, റിസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രഡിറ്റ് ബോര്‍ഡ് അംഗം, സി.പി.ഐ.യുടെ ദേശീയ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കേരള വികസന മാതൃക  പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും, ഹിന്ദു മതം, ഹിന്ദുത്വം, ചിതറിയ ഒര്‍മ്മകള്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച സഹകാരിക്കുള്ള സദാനന്ദന്‍ അവാര്‍ഡും, മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍ ശങ്കരനാരായണന്‍ തമ്പി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 
ഇതോടെ ഐക്യകേരളത്തിലെ ആദ്യ നിയമസഭാംഗങ്ങളായിരുന്നവരില്‍ ഇനി ഗൗരി അമ്മ മാത്രം. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി