മുരളിക്ക് പിന്നാലെ ലീഗും, പ്രതിപക്ഷം പരാജയമെന്ന് ഇ ടി മുഹമ്മദ് ബഷീ‍ർ

By Web DeskFirst Published Dec 27, 2016, 7:52 AM IST
Highlights

കെ മുരളീധരന്‍ എംഎല്‍എയ്ക്കു പിന്നാലെ പ്രതിപക്ഷം പരാജയപ്പെട്ടെന്ന വിമർശനവുമായി ലീഗും ജേക്കബ് വിഭാഗവും. ഭരണപരാജയം തുറന്ന് കാണിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റേഷൻ പ്രതിസന്ധി അടക്കമുള്ള ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കാനാകുന്നില്ലെന്ന് യുഡിഎഫ് സെക്രട്ടറി ജോണിനെല്ലൂർ കുറ്റപ്പെടുത്തി.

മുരളീധരന്റേത് ഒറ്റപ്പെട്ട ശബ്‍ദമല്ല. പ്രതിപക്ഷ നേതൃത്വത്തിനെതിരെ മുരളി ഉന്നയിച്ച വിമർശനങ്ങൾ യുഡിഎഫിലെ മറ്റ് കക്ഷികളും ഏറ്റെടുത്തു.

കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ അവർ തന്നെ തീർക്കട്ടെ എന്ന്  പറയുമ്പോഴും കോൺഗ്രസ് ഗ്രൂപ്പ് പോരിൽ ലീഗിനും കടുത്ത അതൃപ്തിയുണ്ട്. താനടക്കമുള്ള മുന്നണി നേതൃത്വം  ജനകീയ പ്രശ്നങ്ങൾ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ജോണി നെല്ലൂർ സമ്മതിക്കുന്നു.

നേതൃത്വത്തിനെതിരെ കൂടുതൽ ശബ്‍ദമുയരുന്നതിൽ  തഴയപ്പെട്ടെന്ന പരാതിയുമായി കഴിയുന്ന എ ക്യാമ്പിന് ഏറെ സന്തോഷം നൽകുന്നു. ഉമ്മൻചാണ്ടിയെ കൂടി വിശ്വാസത്തിലെടുക്കണമെന്ന ആവശ്യമാണ് വിമർശനങ്ങളിലൂടെ ലീഗും ജേക്കബ് ഗ്രൂപ്പും ഉന്നയിക്കുന്നത്. സുധീരനെതിരായ നീക്കങ്ങളിൽ ഏറെനാൾ ഒപ്പംനിന്ന രമേശ് ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതിൽ സുധീരനൊപ്പം പോയി ചതിച്ചുവെന്ന വികാരം എ ഗ്രൂപ്പിനുണ്ട്. നേതൃത്വത്തിനെതിരെ മുന്നണിയിൽ നിന്നും കൂടുതൽ വിമർശനങ്ങൾ ഉയരുന്നത് വഴി ഹൈക്കമാൻഡിന്റെ അടിയന്തിര ഇടപെടൽ എ ഗ്രൂപ്പ് മുന്നിൽ കാണുന്നു.

click me!