എഐഎഡിഎംകെയുടെ 'രണ്ടില' ചിഹ്നം മരവിപ്പിച്ചു

Web Desk |  
Published : Mar 23, 2017, 12:45 AM ISTUpdated : Oct 04, 2018, 07:59 PM IST
എഐഎഡിഎംകെയുടെ 'രണ്ടില' ചിഹ്നം മരവിപ്പിച്ചു

Synopsis

ചെന്നൈ: അണ്ണാ ഡിഎംകെയുടെ ഔദ്യോഗികചിഹ്നമായ രണ്ടില മരവിപ്പിയ്ക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികലയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും വിഭാഗങ്ങള്‍ പുതിയ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. അണ്ണാ ഡിഎംകെ എന്ന പേര് ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അണ്ണാ ഡിഎംകെയുടെ അഭിമാനത്തിന്റെ അടയാളമാണ് രണ്ടിലച്ചിഹ്നം. 1987ല്‍ പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും രണ്ടിലച്ചിഹ്നത്തിന്‍മേല്‍ അവകാശത്തര്‍ക്കം ഉടലെടുത്തിരുന്നു. അന്നും ചിഹ്നം മരവിപ്പിയ്ക്കാന്‍ തന്നെയായിരുന്നു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രവര്‍ത്തകരുടെയും പ്രാദേശികഘടകങ്ങളുടെയും പിന്തുണ അവകാശപ്പെട്ട് ശശികല, പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഹാജരാക്കിയ രേഖകള്‍ ഇരുപതിനായിരത്തിലധികം പേജുണ്ടെന്നും ഇതു മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിച്ച് അന്തിമതീരുമാനത്തിലെത്താനാകാത്തതിനാലാണ് ചിഹ്നം മരവിപ്പിച്ച് ഇടക്കാല ഉത്തരവിറക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ എന്ന് മാത്രമുള്ള പേരില്‍ ഇരുപക്ഷത്തിനും മത്സരിയ്ക്കാനാകില്ല. മാതൃപാര്‍ട്ടിയായ അണ്ണാ ഡിഎംകെയുടെ പേരുമായി ബന്ധമുള്ളതോ അല്ലാത്തതോ ആയ പുതിയ പേരുകള്‍ ഇരുവിഭാഗവും ഇന്നു രാവിലെ പത്ത് മണിയോടെ സമര്‍പ്പിയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഏത് ചിഹ്നത്തിലാണ് മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്നും ഇരുവിഭാഗങ്ങളും അറിയിയ്ക്കണം. പാര്‍ട്ടിയുടെ അധികാരം സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഏപ്രില്‍ 17 വരെ ഹാജരാക്കാന്‍ അവസരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

എന്നാല്‍ ഈ തീരുമാനം താല്‍ക്കാലികം മാത്രമാണെന്നായിരുന്നു ശശികല വിഭാഗം സ്ഥാനാര്‍ഥിയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്റെ പ്രതികരണം. കോടതിയെ സമീപിച്ച് ഇതിനെ മറികടക്കാനുള്ള നടപടികള്‍ ആലോചിയ്ക്കും. ചിഹ്നം തിരിച്ചുപിടിയ്ക്കുമെന്നും ദിനകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കൂടുതല്‍ നിയമപോരാട്ടങ്ങളിലേയ്ക്ക് നീളുമെന്നാണ് ദിനകരന്റെ വാക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. രാവിലെ 10 മണിയോടെ ഒപിഎസ് വിഭാഗം സ്ഥാനാര്‍ഥി ഇ മധുസൂദനനനും 11 മണിയോടെ ടിടിവി ദിനകരനും നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപിന്റെ ആത്മഹത്യ: കുറിപ്പ് കണ്ടെടുത്ത് പൊലീസ്, കോൺ​ഗ്രസ് കൗൺസിലർക്കെതിരെ ആരോപണം
ആംബുലൻസുമായി വിദ്യാർത്ഥികൾ മുങ്ങിയെന്ന് സംശയം; കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്