
ആലുവ: ആലുവയില്‍ ഇന്നലെ മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റ യുവാവിന് ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍. ഉസ്മാന്‍റെ കവിളെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാളെ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്.
ഉസ്മാനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ആലുവ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരെ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മര്‍ദ്ദിക്കല്‍, വാഹനത്തില്‍ കയറ്റി കൊണ്ടു പോകല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എടത്തല പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ പുഷ്പരാജ്, അഫ്സല്‍, ദിലീഷ് മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസിനെ കൈയേറ്റം ചെയ്തതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ ആലുവ എടത്തലയ്ക്കടുത്ത് കുഞ്ചാട്ടുകരയില്‍ വച്ചാണ് മഫ്തിയില്‍ സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കാര്‍ ഉസ്മാന്‍ ബൈക്കില്‍ ഇടിക്കുന്നത്. ഇത് ചോദ്യം ചെയ്ത ഉസ്മാനെ കാറിലുണ്ടായിരുന്ന പോലീസുകാര്‍ മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. കാറില്‍ വച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ചും ഉസ്മാനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതിയുണ്ട്. ഒരു പോക്സോ കേസ് പ്രതിയെ പിടികൂടി തിരിച്ചു വരികയായിരുന്നു പോലീസ് സംഘം.
ഇതിനിടെ ഉസ്മാനെ അഞ്ജാതസംഘം തട്ടിക്കൊണ്ടു പോയതായി വാര്‍ത്ത പടരുകയും പരാതിയുമായി നാട്ടുകാര്‍ എടത്തല പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. എന്നാല്‍ സ്റ്റേഷനിലെത്തിയതോടെയാണ് ഉസ്മാനെ തട്ടിക്കൊണ്ടു പോയത് പോലീസുകാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാവുന്നത് ഇതോടെ പോലീസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തെക്കുറിച്ചറിയാന്‍ സ്റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളോടും പോലീസ് മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറയുന്നു.
സംഭവമറിഞ്ഞ് കൂടുതല്‍ പേര്‍സ്ഥലത്ത് സ്റ്റേഷനിലേക്ക് എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതിനിടെ ആലുവ ഡിവൈഎസ്പി നേരിട്ട് സ്റ്റേഷനിലെത്തുകയും യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മര്‍ദ്ദനത്തില്‍ കവിളെല്ലും താടിയെല്ലും തകര്‍ന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു തിരികെ കൊണ്ടു പോകാനുള്ള പോലീസ് നീക്കം നാട്ടുകാര്‍ തടഞ്ഞതോടെ ആശുപത്രിയിലും സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് യുവാവിനെ ആലുവയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം പോലീസ് മര്‍ദ്ദനമേറ്റ ഉസ്മാന്‍ പോലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 2011-ല്‍ ആലുവ കൊച്ചിൻ ബാങ്ക് കവലയിൽ ലോറി ഡ്രൈവറായിരുന്ന സന്തോഷ് കുമാര്‍ എന്നയാളെ തട്ടികൊണ്ട് പോയ സംഭവത്തിലും ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ അന്നത്തെ ആലുവ എസ്.ഐ നിഷാദ് ഇബ്രാഹിമിനേയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തിലും ഉസ്മാന്‍ പ്രതിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പോലീസുകാരെ മര്‍ദ്ദിച്ചത് കൂടാതെ പോലീസ് വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഉസ്മാനടക്കമുള്ള പ്രതികള്‍ക്കെതിരെ ഐപിസി 143,144,147,148,323,324,332,354,149 IPC 3 (1) പിഡിപി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് ഉസ്മാന്‍റേയും സംഘത്തിന്‍റേയും ആക്രമണത്തിനിരയായ ആലുവ എസ് ഐയായിരുന്ന നിഷാദ് ഇബ്രാഹിം ഇപ്പോൾ മജിസ്ട്രേറ്റാണ്.
.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam