തര്‍ക്കം ഒതുക്കാന്‍ അമ്മ; എക്സിക്യൂട്ടീവ് യോഗം വിളിച്ചേക്കും

By Web DeskFirst Published Jun 28, 2018, 7:31 PM IST
Highlights
  • ദിലീപിന്റെ കത്തിനെ കുറിച്ച് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും
  • മോഹന്‍ലാല്‍ കേരളത്തിലെത്തിയ ശേഷം യോഗത്തിനുള്ള തീയ്യതി തീരുമാനിക്കും
  • രാജിവച്ച നടിമാര്‍ അമ്മയുടെ ശത്രുക്കളല്ലെന്ന് ഇടവേള ബാബു

കൊച്ചി: 'അമ്മ' യിൽ നിന്നും രാജിവച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അവരോട് യാതൊരു വിരോധവും സംഘടനയ്ക്കില്ലെന്നും അവര്‍ ഉന്നയിച്ച് വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു  പ്രതികരിച്ചു.

അതേസമയം, ദിലീപിന്റെ കത്തിനെ കുറിച്ച്  'അമ്മ'യുടെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. 'അമ്മ'യുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാല്‍ കേരളത്തിലെത്തിയ ശേഷം യോഗത്തിനുള്ള തീയ്യതി തീരുമാനിക്കും. രാജിവച്ചവരുമായി പ്രത്യേക കൂടിക്കാഴ്‌ച നടത്തുന്ന കാര്യവും എക്സിക്യൂട്ടീവിൽ തീരുമാനിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് 'അമ്മ'യില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചിരുന്നു. ആക്രമണത്തെ അതിജീവിച്ച നടിയും ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരുമാണ് രാജിവച്ചത്. ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികള്‍ മൗനത്തിലാണ്. അതേസമയം, ഇടതുപക്ഷ  ജനപ്രതിനിധികളായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ പ്രതികരിക്കാത്തതിനെതിരെ മുന്നണിയല്‍തന്നെ ശബ്ദം ഉയരുന്നുണ്ട്. ഇരവരും പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. 'അമ്മ'യില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കൊപ്പമെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. 

നടിമാരുടെ രാജിയോടെ പ്രതിരോധത്തിലായ 'അമ്മ'യെ രക്ഷിക്കാൻ ഒടുവിൽ ദിലീപ് തന്നെ രംഗത്തെത്തുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ ഒഴിവാകും വരെ സംഘടയിലേക്കില്ലെന്ന് ദിലീപ് താരസംഘടനക്ക് കത്തുനൽകി.  പ്രേക്ഷകർക്കും ജനങ്ങൾക്കും മുന്നുൽ നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടയിലും സജീവമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചിട്ടുണ്ട്.
 

click me!