ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്

By Web DeskFirst Published Jan 17, 2017, 4:54 AM IST
Highlights

ആഗ്ര, മധുര, ഗാസിയാബാദ്, മുസഫര്‍നഗര്‍ തുടങ്ങി 15 ജില്ലകളിലെ 73 സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത മാസം 11ന് വോട്ടെടുപ്പ് നടക്കുന്ന ഈ മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ഇന്നു തുടങ്ങും. മുസഫര്‍നഗര്‍ കലാപത്തിനു ശേഷമുള്ള സാഹചര്യം പശ്ചിമ ഉത്തര്‍പ്രദേശിലെ രാഷ്‌ട്രീയ സമാവാക്യങ്ങള്‍ മാറ്റിയിരുന്നു. ബീഫ് കൈവശം വച്ചതിന് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‍ലാഖിന്റെ വീടുള്‍പ്പെടുന്ന ദാദ്രിയിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. മുസഫര്‍നഗര്‍ കലാപത്തില്‍ ആരോപണവിധേയനായ സന്ദീപ് സോം ഉള്‍പ്പടെ 149 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു.

സമാജ്‍വാദി പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവാണെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. സൈക്കിള്‍ ചിഹ്നവും അഖിലേഷിന് കിട്ടി. ബി.ജെ.പിയുടെ മുന്നേറ്റത്തിന് തടിയാന്‍ വലിയ അവസരമാണ് അഖിലേഷിന് കിട്ടിയിരിക്കുന്നത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് ഇപ്പോള്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ എങ്ങനെ നീങ്ങണം എന്ന് മുലായം വിഭാഗം ഇന്ന് ആലോചിക്കും. കോടതിയെ സമീപിക്കാനുള്ള സാധ്യതയും പരിശോധിക്കും. അഖിലേഷിനെതിരെ മത്സരിക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്കിയ മുലായം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്മീഷന്‍ തീരുമാനത്തിന് ശേഷം മുലായത്തെ ചെന്നു കണ്ട അഖിലേഷ്, മുലായമാണ് സമാജ്‍വാദി പാര്‍ട്ടിയുടെ നേതാവ് എന്ന് വ്യക്തമാക്കിയിരുന്നു.

click me!