
ഇസ്ലാമാബാദ്: പാകിസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ എട്ട് മണിമുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാത്രി എട്ട് മണിയോടെ ആദ്യഫലങ്ങൾ അറിയാനാവും.
പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍, ബലൂചിസ്ഥാന്‍, പഞ്ചാബ്, ഖൈബര്‍ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. 70 സീറ്റുകൾ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി സംവരണം ചെയ്തിരിക്കയാണ്. ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 3765 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. രജിസ്റ്റർ ചെയ്ത 110 പാർട്ടികളില്‍ സജീവമായുള്ളത് 30 എണ്ണമാണ്. 85,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
141 സീറ്റുള്ള പഞ്ചാബാണ് നിർണായക സംസ്ഥാനം. നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ന്റെ ശക്തികേന്ദ്രമായിരുന്ന പഞ്ചാബിൽ ഇത്തവണ പലരും കൂറുമാറി ഇമ്രാൻ ഖാന്റെ തെഹ്‍രീഖെ ഇന്‍സാഫിൽ ചേർന്നത് ഷെരീഫിന് തിരിച്ചടിയാണ്. സിന്ധ് പ്രവിശ്യയിൽ ബിലാവൽ ഭൂട്ടോയുടെ പി.പി.പിക്കാണ് മുൻതൂക്കം. പക്ഷേ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന കറാച്ചിയിൽ സൈനിക നടപടി നേരിട്ട എം.ക്യു.എമ്മിന് ശക്തി ക്ഷയിച്ചിരിക്കയാണ്. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിൽ എം.എം.എ സഖ്യത്തിനാണ് മുൻതൂക്കം. ബലൂചിസ്ഥാനിൽ ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയാണ് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ തെഹരീകെ ഇൻസാഫിനും അവാമി പാർട്ടിക്കും സൈന്യത്തിന്റെ പിന്തുണയുണ്ട്.
ഭരണകാലാവധി തികച്ച ഒരു സർക്കാരാണ് അധികാരം കൈമാറുന്നുവെന്ന അപൂർവതയുണ്ടെങ്കിലും മാധ്യമങ്ങളുടെ അടിച്ചമർത്തലും സൈന്യത്തിന്റെ ഇടപെടലുമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായത്. ഭീകരസംഘടനകൾ സ്ഥാനാർത്ഥികളെ ഇറക്കിയതും മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് നേരെ നടന്ന ആക്രമണങ്ങളും ആശങ്കക്ക് കാരണമാണ്. ഇമ്രാൻ ഖാന്റെ വിജയമാണ് സൈന്യത്തിന്റ ലക്ഷ്യമെന്ന സൂചനയുടെ പശ്ചാത്തലത്തിലും ജനാധിപത്യത്തിന്റെ വിജയത്തിൽ വിശ്വാസമർപ്പിക്കുന്നു ഒരു ചെറിയ വിഭാഗം. ഫലം എന്തുതന്നെയായാലും ചൈനയോടായാലും ഇന്ത്യയോടായാലുമുള്ള രാജ്യത്തിന്റെ വിദേശനയം സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനാൽ നയംമാറ്റങ്ങളൊന്നും അക്കാര്യത്തിൽ പ്രതീക്ഷിക്കുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam