
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് അവരുടെ വസ്ത്രങ്ങൾക്കാണ്. എന്നാൽ വസ്ത്രം തന്നെ സുരക്ഷ ഒരുക്കുന്ന സാങ്കേതിക വിദ്യയും കണ്ടെത്തിയിരിക്കുകയാണ് ഇവിടെ. 'ന്യോകസ്' എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ തുറന്നു കാട്ടുന്നത്.
പെപ്പർ സ്‌പ്രേ മുതൽ മൊബൈൽ ആപ്പുകൾ വരെയുള്ള വിവിധ മാർഗങ്ങൾ സ്ത്രീ സുരക്ഷക്കായി വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഉപകരണമാണ് ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടിയിലെ ഇന്നോവേഷൻ സോണിൽ അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍റി - മോളെസ്റ്റേഷൻ (Anti-molestation) ജാക്കറ്റ് എന്നാണ് ഇതിൻറെ പേര്. ജാക്കറ്റ് എന്നാണ് പേരെങ്കിലും ഒരു ഉടുപ്പും ശിരോവസ്ത്രവും (hood) ഷർട്ടും ചേർന്നതാണിത്. പോക്കറ്റിനകത്ത് കൊടുത്തിട്ടുള്ള നേർത്ത പാളിയുടെ ഇടയിൽ ഒളിപ്പിച്ച ഒരു ഹാർഡ് വെയർ ആണ് ഈ വസ്ത്രത്തെ വ്യത്യസ്തം ആക്കുന്നത്. ഈ ഹാർഡ് വെയർ ഒരു സെർവറുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ജാക്കറ്റ് ധരിച്ചിരിക്കുന്ന ആളെ മറ്റൊരാൾ തെറ്റായ രീതിയിൽ സ്പർശിച്ചാൽ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻതന്നെ പോലീസിനും വീട്ടുകാർക്കും ലഭിക്കും. തെറ്റായതും ശരിയായതുമായ സ്പർശം തിരിച്ചറിയുന്നതിനുള്ള അൽഗോരിതം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇരയ്ക്ക് പ്രതികരിക്കാനായില്ലെങ്കിലും ശരീരത്തിന്റെ സ്‌പര്‍ശപ്രരണകള്‍ (stimuli) തിരിച്ചറിഞ്ഞ് ജാഗ്രതാ നിർദേശം കൊടുക്കാനുള്ള സംവിധാനമാണ് ഈ ജാക്കറ്റിൽ ഒരുക്കിയിട്ടുള്ളത്.
കൂടാതെ അലാറം പ്രവർത്തിപ്പിച്ച് മറ്റുള്ളവരെ വിവരം അറിയിക്കാനും സാധിക്കും. എന്നാൽ അതിനായുള്ള ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ള മറ്റൊരാൾക്കാണ് ഇങ്ങിനെ അലാറം പ്രവർത്തിപ്പിക്കുവാനാകുക. അക്രമം നടക്കാൻ ഇടയുണ്ടെന്ന സിഗ്നൽ ലഭിച്ചാൽ ബന്ധുക്കൾക്കോ പോലീസിനോ അലാറം പ്രവർത്തിപ്പിച്ചു ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും അക്രമിയെ പരിഭ്രമിപ്പിക്കാനും സാധിക്കും.
വസ്ത്രത്തിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാം എന്നതാണ് ഈ ജാക്കറ്റിന്റെ മറ്റൊരു സവിശേഷത. ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ഒരു ബട്ടൺ അമർത്തിയാൽ വസ്ത്രത്തിലൂടെ വൈദ്യുതി പ്രവഹിക്കും. തെറ്റായ രീതിയിൽ തൊടുന്ന ആൾക്ക് ഷോക്ക് ഏൽക്കുകയും ചെയ്യും. 400 മുതൽ 500 വോൾട് വൈദ്യുതി ആണ് പ്രവഹിക്കുന്നത് എന്നതിനാൽ തൽക്കാലത്തേക്ക് അനങ്ങാൻ പറ്റില്ല എന്നല്ലാതെ അക്രമിക്ക് ജീവഹാനി സംഭവിക്കില്ല.
വസ്ത്രം ധരിച്ചിരിക്കുന്ന ആൾക്ക് ഷോക്ക് അടിക്കുകയും ഇല്ല. ഇതോടൊപ്പം ലൊക്കേഷനും വിവരങ്ങളും പോലീസിനും വീട്ടിലും ലഭിക്കുകയും ചെയ്യും. ഏതു സാഹചര്യത്തിലും ധരിക്കാവുന്ന രീതിയിൽ തീപിടിക്കാത്തതും വെള്ളം കയറാത്തതുമായ രീതിയിലാണ് ജാക്കറ്റ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam