
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ, പിണറായി മന്ത്രിസഭയിലെ രണ്ടാമൻ. ഉന്നതപദവികളിലിരിക്കെയാണ് ഇപി ജയരാജനെതിരെ വീണ്ടും പാർട്ടി നടപടി വരുന്നത്. രണ്ട് പതിറ്റാണ്ട് സിപിഐമ്മിനെ പരുക്കേൽപ്പിച്ച ഒട്ടേറെ വിവാദങ്ങൾക്ക് കാരണക്കാരനായ ഇപിയെ പിണറായി കൈ വിടുന്നതും പാർട്ടിയിൽ പുതിയ ചരിത്രമാകും.
ഏത് വിവാദക്കൊടുങ്കാറ്റിലും പതറാത്ത, ഒന്നിനേയും കൂസാത്തതാഇരുന്നു ഇപി സ്റ്റൈൽ. കണ്ണൂരിൽ വെട്ടുകല്ലിനെതിരെ പാർട്ടി സമരം നടത്തിയ കാലത്ത് സ്വന്തം വീട് വെട്ടുകല്ലുകൊണ്ട് നിർമ്മിച്ചായിരുന്നു ജയരാജൻ പാർട്ടിക്കുള്ളിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കണ്ണൂരില്‍ നടത്തിയ നായനാർ ഫുട്ബാൾ ടൂർണ്ണമെന്റിനായി വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൽ നിന്ന് 62 ലക്ഷം രൂപ സംഭാവന വാങ്ങിയതും. ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാർട്ടിനിൽ നിന്ന് ദേശാഭിമാനിക്കായി രണ്ട് കോടി രൂപയുടെ ബോണ്ട് സ്വീകരിച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കി.
മാര്‍ട്ടിന്റെ ബോണ്ടിന്റെ പേരില്‍ പാര്‍ട്ടി ശാസന ഏറ്റുവാങ്ങിയ ഇപിക്ക് ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനവും നഷ്ടമായി. ദേശാഭിമാനിയിൽ തിരിച്ചെത്തിയ ഇപി പിന്നെ പത്രത്തിന്റെ സ്ഥലം വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് കൈമാറി. വിവാദകാലത്തെല്ലാം പിണറായി വിജയനായിരുന്നു ഇപിയുടെ രക്ഷകൻ.
വിഎസ് പക്ഷനിരയെ വെട്ടാനും പിണറായിക്കൊപ്പം ഇപിയുണ്ടായിരുന്നു.
ആ അടുപ്പം തന്നെയാണ് ഇപിയെ മന്ത്രിസഭയിലെ രണ്ടാമനാക്കിയത്. ആദ്യം അഞ്ജു ബോബി ജോർജ്ജ്, പിന്നെ മുഹമ്മദലിയുടെ പേരിലെ നാക്ക് പിഴ എല്ലാറ്റിനുമൊടുവിൽ സ്വന്തം വകുപ്പിന് കീഴിലേക്ക് കൂട്ടത്തോടെയുള്ള ബന്ധു നിയമനം. വലംകൈയ്യുടെ നീക്കങ്ങളിൽ പിണറായിക്കും അറിവുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ഒന്നാമൻ രണ്ടാമനെ പരസ്യമായി തള്ളുകയാണ്. കണ്ണൂർ ലോബിയെന്ന സങ്കല്‍പ്പത്തിൽ തന്നെ വീണ വിള്ളൽ പാർട്ടിക്കുള്ളിലെ ശാക്തിക ബലാബലത്തിലും മാറ്റമുണ്ടാക്കിയേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam