
കൊച്ചി: എറണാകുളത്ത് സഹോദരനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. ചുള്ളിക്കൽ സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മറ്റൊരു സഹോദരനെ കൊന്ന കേസിലും ഇയാൾ പ്രതിയാണ്.
തോപ്പുംപടിയിലെ വീട്ടിൽ കൊലപ്പെട്ട നെൽസനും, പ്രതിയായ ബാബുവും ഇവരുടെ അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബസ്വത്ത് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇരുവർക്കുമിടയിൽ കാലങ്ങളായി തർക്കം നിലനിന്നിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി കൊലപ്പെട്ട നെൽസനുമായി വഴക്കിട്ടു. തുടർന്നാണ് അമ്മിക്കല്ലെടുത്ത് നെൽസന്‍റെ തലയിലും,ശരീരഭാഗങ്ങളിലും അടിച്ചത്.
പൊലീസെത്തി നെൽസനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ ഹൃദയത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നെൽസന്‍റെ ഇരട്ടസഹോദരനായിരുന്ന മിൽട്ടനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു ബാബു. മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സമീപത്തെ പെട്രോൽ പമ്പിനടുത്ത് പാർക്ക് ചെയ്തിരുന്ന ആളൊഴിഞ്ഞ ബസ്സിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുമായി തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസ് കൃത്യത്തിന് ഉപയോഗിച്ച അമ്മിക്കല്ല് അലമാരയുടെ പിറകിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ വർഷം സഹോദരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ച് ഇയാൾ അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam