
ബ്രസൽസ്: ബലൂചിസ്താനിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ പാർലമെന്‍റ് . ബലൂച് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാഡ് സ്കാർനെക്കി വ്യക്തമാക്കി.
ബലൂചിസ്താൻ വിഷയത്തിൽ പാകിസ്താൻ നയം മാറ്റണം. ഇല്ലെങ്കിൽ പാകിസ്താനോടുള്ള യൂറോപ്യൻ പാർലമെന്‍റിന്‍റെ നയത്തിൽ മാറ്റംവരുമെന്നും റിസാഡ് സ്കാർനെക്കി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ബലൂചിസ്താനിൽ അതിക്രൂരമായ നരനായാട്ടാണ് പാകിസ്താൻ നടത്തുന്നത്. ഈ ക്രൂരത അംഗീകരിക്കാൻ സാധിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും. ഇരട്ട മുഖമാണ് പാകിസ്താനുള്ളതെന്നും സ്കാർനെക്കി കുറ്റപ്പെടുത്തി. തങ്ങളോട് തുറന്ന സമീപനവും ബലൂചികളോട് ക്രൂരതയുടെ മുഖമാണെന്നും സ്കാർനെക്കി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. മോദി നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ച പാകിസ്താൻ ഇന്ത്യ പരിധി ലംഘിച്ചെന്നാണ് വ്യക്തമാക്കിയത്.
എന്നാല്‍ ബലൂചിസ്താനിലെ സ്വാതന്ത്രവാദികളെ അനുകൂലിക്കുന്ന യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി.
1948ലാണ് പാക് സേന കടന്നുകയറി ബലൂചിസ്താന്‍ പിടിച്ചെടുക്കുന്നത്. അന്നുതൊട്ട് ബലൂചി ദേശീയബോധമാണ് ഒരു വിഭാഗത്തെ പ്രക്ഷോഭത്തിന്‍റെ മാര്‍ഗത്തില്‍ കൊണ്ടെത്തിച്ചത്. ബലൂചിസ്താൻ റിപബ്ലിക്കൻ പാർട്ടി (ബി. ആർ.പി) നേതാവ് ബ്രഹാംദാഗ് ബുഗ്തിക്ക് രാഷ്ട്രീയ അഭയം നൽകുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്താനുമായി ഉഭയകക്ഷി, സാമ്പത്തിക, രാഷ്ട്രീയ ബന്ധമാണ് യൂറോപ്യൻ പാർലമെന്‍റിനുള്ളത്. ബലൂച് നിലപാടില്‍ പാക്കിസ്ഥാന്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കുമെന്നാണ് റിസാഡ് സ്കാർനെക്കിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam