സാക്ഷാല്‍ മെസിക്കും സാധിച്ചില്ല; നെയ്മറില്‍ പ്രതീക്ഷ; യൂറോപ്യന്‍ രാജ്യങ്ങളെ ആര് മുട്ടുകുത്തിക്കും

By Web DeskFirst Published Jun 17, 2018, 1:43 PM IST
Highlights

ബ്രസീല്‍ സ്വിറ്റ്സര്‍ലണ്ടിനെ തകര്‍ത്ത് യൂറോപ്പിന്‍റെ വമ്പൊടിക്കുമോയെന്ന കണ്ടറിയണം

മോസ്കോ: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രസീല്‍ ലോകകപ്പില്‍ മുത്തമിട്ടത്. അതായിരുന്നു യുറോപ്പിന് പുറത്തുള്ള ഏതൊങ്കിലുമൊരു രാജ്യത്തിന്‍റെ അവസാനത്തെ വിശ്വ വിജയവും. തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ മുത്തമിട്ടതോടെ കാല്‍പന്തുലോകത്ത് യൂറോപ്യന്‍ ആധിപത്യം പ്രകടമാകുകയാണ്. 2006 ല്‍ ഇറ്റലിയും 2010 ല്‍ സ്പെയിനും 2014 ല്‍ ജര്‍മ്മനിയും യൂറോപ്യന്‍ ഫുട്ബോളിന്‍റെ പ്രതാപം വിളിച്ചറിയിച്ചു.

ഇക്കുറിയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. റഷ്യന്‍ ലോകകപ്പിലെ എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ യൂറോപ്യന്‍ ടീമുകളൊന്നും തോല്‍വി അറിഞ്ഞിട്ടില്ല. ഉദ്ഘാടനപോരാട്ടത്തില്‍ എഷ്യന്ഡ വമ്പുമായെത്തിയ സൗദിയെ 5 ഗോളുകൾക്ക് തകര്‍ത്ത റഷ്യയാണ് യൂറോപ്പിന്‍റെ വിജയകാഹളം മുഴക്കിയത്. സാക്ഷാല്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയ്ക്കുപോലും യൂറോപ്പിന്‍റെ വമ്പിന് മുന്നില്‍ ഇക്കുറി തലതാഴ്ത്തി മടങ്ങേണ്ടി വന്നു.

താരതമ്യേന ദുര്‍ബലരും കന്നി ലോകകപ്പ് കളിക്കാനെത്തിയവരുമായ ഐസ് ലാന്‍ഡ് മിശിഹയുടെ ടീമിനെ കൂച്ചുവിലങ്ങിട്ട് പൂട്ടുകയായിരുന്നു. മെസിയെ വട്ടമിട്ട് പിടിച്ച ഐസ് ലാന്‍ഡ് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. യൂറോപ്യന്‍ ഫുട്ബോളിന്‍റെ കരുത്താണ് അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തില്‍ കണ്ടതെന്നാണ് അവരുടെ വാദം.

ഓസ്ട്രേലിയയെ ഫാന്‍സും പെറുവിനെ ഡെന്‍മാര്‍ക്കും നൈജീരിയയെ ക്രൊയേഷ്യയും  തകര്‍ത്ത് തരിപ്പണമാക്കി യൂറോപ്പിന്‍റെ കരുത്ത് കാട്ടി.അതിനിടയില്‍ നടന്ന യൂറോപ്യന്‍ വമ്പന്‍മാരുടെ പോരാട്ടമായ സ്‌പെയിന്‍ പോർച്ചുഗല്‍ മത്സരം സമനിലയിലും കലാശിച്ചു. ഈ ലോകകപ്പില്‍ ഇതുവരെ നടന്ന മികച്ച് മത്സരമായിരുന്നു അതെന്നാണ് വിലയിരുത്തലുകള്‍.

ഇന്ന് കളത്തിലിറങ്ങുന്ന ബ്രസീല്‍ സ്വിറ്റ്സര്‍ലണ്ടിനെ തകര്‍ത്ത് യൂറോപ്പിന്‍റെ വമ്പൊടിക്കുമെന്നാണ് ലാറ്റിനമേരിക്കന്‍ പ്രതാപത്തിന്‍റെ വക്താക്കളുടെ വാദം., എന്തായാലും നെയ്മറുടെയും സംഘത്തിന്‍റെയും പോരാട്ടം കണ്ടു തന്നെ അറിയണം.

click me!