റോഡില്‍ മരിക്കാറായി കിടക്കുന്നയാളെ തിരിഞ്ഞുനോക്കാതെപോയത് നൂറുകണക്കിനാളുകള്‍; ഒരാള്‍ മൊബൈല്‍ ഫോണും കവര്‍ന്നു!

By Web DeskFirst Published Aug 11, 2016, 3:27 PM IST
Highlights

ദില്ലി: വാഹനാപകടത്തില്‍ രക്തംവാര്‍ന്ന് നിരത്തില്‍ കിടന്ന സെക്യൂരിറ്റി ജീവനക്കാരനോട് വഴി യാത്രക്കാരുടെ ക്രൂരത. ആശുപത്രിയില്‍ എത്തിക്കേണ്ടതിന് പകരം, മിനി ടെംപോ ഇടിച്ച രക്ത വാര്‍ന്ന് നിരത്തില്‍ കിടന്നയാളുടെ മൊബൈല്‍ ഫോണ്‍   വഴിയാത്രക്കാരില്‍ ഒരാള്‍ മോഷ്ടിച്ച് പോയി. സംഭവത്തിന്റെ സിസിറ്റിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.അപകടത്തില്‍ പെട്ടയാള്‍ മരിച്ചു.

ദില്ലി സുഭാഷ് നഗറില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മത്ബൂലിനെ മിനി ടെംപോ ഇടിച്ച് തെറിപ്പിച്ചത്.നിരത്തിന് നടുവില്‍ ടെംപോ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയത് അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായിരുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വണ്ടിക്കെന്തെങ്കിലും പറ്റിയോ എന്ന് പരിശോധിച്ച് അപകടത്തില്‍ പെട്ടയാളെ തിരിഞ്ഞ് നോക്കാതെ ഡ്രൈവര്‍ വണ്ടിയുമായി പോകുന്ന ദൃശ്യങ്ങളാണിത്.

ഇതിന് പിന്നാലെയാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇതിലും ക്രൂരമായ സംഭവം നടക്കുന്നത്.നിരത്തില്‍ കിടക്കുന്ന മത്ബൂലിനെ കണ്ട് റിക്ഷാ നിര്‍ത്തി ഒരു റിക്ഷാക്കാരന്‍ ഇറങ്ങി. പരിക്കേറ്റ് കിടക്കുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ഇയാള്‍അപകടത്തില്‍പെട്ടയാളുടെ മൊബൈല്‍ കവര്‍ന്ന് കടന്നുകളയുകയാണ്.

പുലര്‍ച്ചെ നിരത്തില്‍ വാഹനങ്ങള്‍ കുറവായിരുന്നെങ്കിലും അരികില്‍ പോകുന്ന വഴിയാത്രക്കാരും അപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ രക്ഷപ്പെടുത്താന്‍ തയ്യാറായില്ല.രാവിലെ ഏഴ് മണിക്ക് പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയത്തിനകം മത്ബൂല്‍ മരണപ്പെട്ടിരുന്നു.

സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.മൊബൈല്‍ കവര്‍ന്ന റിക്ഷാക്കാരനെയും പോലീസ് തെരയുകയാണ്. വഴിയാത്രക്കാര്‍ പോലീസ് നടപടികള്‍ ഭയന്നാണ് പലപ്പോഴും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ തയ്യാറാകാത്തതെന്നും.ഈ മനോഭാവം മാറ്റാന്‍ അപകടത്തില്‍പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്‍കാന്‍ കരട് നയം തയ്യാറാക്കിയതായും ദില്ലി ആരോഗ്യ,ഗതാഗത മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

click me!