
കൊച്ചി: സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കിയ ഭൂമി ഇടപാടിന്‍റെ രേഖകൾ പുറത്ത് വന്നു. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ 36 പേർക്ക് ഭൂമി വിൽപ്പന നടത്തിയതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതിനിടെ സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടിൽ കർദിനാളിനെതിരെ കൂടുതൽ വൈദികർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
എറണാകുളം നഗരത്തിൽ കണ്ണായ സ്ഥലങ്ങളിലുള്ള കോടികൾ വിലമതിക്കുന്ന ഭൂമിയാണ് നിസ്സാര വിലയക്ക് വിൽപ്പന നടത്തിയത്. 36 പേർക്ക് സാജു വർഗീസ് കുന്നേൽ എന്നയാളെ ഇടനിലക്കാരനാക്കിയായിരുന്നു ഭൂമി കൈമാറ്റം. 2016 സെപ്റ്റംബർ 1നും അഞ്ചിനുമായി പത്ത് പേർക്ക് ആദ്യം ഭൂമി വിൽപ്പന നടത്തിയതിന്റെ രേഖയാണ് പുറത്ത് വന്നത്. കാക്കനാട് സബ്റജിസ്റ്റാർ ഓഫീസിലായിരുന്നു ഭൂമി രജിസ്റ്റർ ചെയ്തത്. പിന്നീട് 2017 ജനുവരി മുതൽ ഓഗസ്റ്റ് 16വരെ മറ്റ് 25 പേർക്ക് കൂടി ഭൂമി എഴുതി നൽകി. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഓപ്പിട്ടിരിക്കുന്നത് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്. ഈ രേഖകൾ പുറത്ത് വന്നതിന് പിറകെയാണ് ഇടപാടിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് സഭയിലെ വൈദികർ തന്നെ രംഗത്ത് വരുന്നത്.
ഭൂമി കൈമാറ്റത്തിലൂടെ 28 കോടിരൂപയുടേതെങ്കിലും നഷ്ടം സഭയ്ക്ക് വന്നുവെന്നാണ് വൈദികർ പറയുന്നത്. മാത്രമല്ല സാജു വർഗീസ് കുന്നേൽ എന്നയാളെ ഇടനിലക്കാരനാക്കിയത് വൈദിക സമിതി പോലും അറിയാതെയാണെന്നും വൈദികർ പറയുന്നു. ഇടപാടിലെ സുതാര്യത പ്രശനമായതോടെ ഫിനാൻസ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ ഇതിനകം രാജിവെച്ചിട്ടുണ്ട്. സഭ നേതൃത്വത്തിന്‍റെ വിശദീകരണം ഇക്കാര്യത്തിൽ തേടിയെങ്കിലും വിശദീകരണം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വന്നശേഷമാകാമെന്നാണ് സഭ വൃത്തങ്ങൾ പറയുന്നത്. എന്നാൽ കർദിനാളിനെ പിന്തുണച്ച് ഇന്ത്യൻ കാത്തലിക് ഫോറം രംഗത്ത് വന്നു. കൂട്ടായെടുത്ത തീരുമാനമാണ് ഭൂമി വിൽപ്പനയെന്നും ഇക്കാര്യത്തിൽ കർദിനാളിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തരുതെന്നും പ്രസിഡന്റ് മെൽവിൻ മാത്യു ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam