ഐ എസ് എസ് രഹസ്യ യോഗം; തൊണ്ടിമുതലുകള്‍ കോടതിയില്‍ നിന്നും കാണാതായി

By Web DeskFirst Published Jul 28, 2016, 11:17 AM IST
Highlights

കൊല്ലം: നിരോധിത സംഘടനയായ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയ കേസിലെ നിർണായക തെളിവുകൾ കോടതിയിൽ നിന്നും കാണാതായി. അബ്ദുൾ നാസർ മദനി പ്രധാന പ്രതിയായ കേസിലെ തൊണ്ടിമുതലുകളായ തോക്കും, തിരകളും വെടിമരുന്നു മെറ്റൽ ഡിക്ടറ്ററും ആണ് കൊല്ലത്തെ കോടതിയിൽ നിന്ന് കാണാതായത്.

24 വർഷം മുമ്പ് ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലുകൾ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിലാണ് സൂക്ഷിച്ചിരുന്നത്. കേസിന്റെ വിചാരണ എറണാകുളം സെഷൻസ് കോടതിയിൽ തുടങ്ങിയ സാഹചര്യത്തിൽ വീണ്ടും പരിശോധിച്ചപ്പോഴാണ് തൊണ്ടി മുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തുവരുന്നത്. കോടതി ജീവനക്കാർ നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല. കോടതിയിൽ അന്ന് തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന ക്ലർക്ക് രാജി വച്ച് വിദേശത്തേക്ക് പോയിരുന്നു. കേസിലെ മുഖ്യസാക്ഷിയായ ഇയാളെ വിസ്തരിക്കാനും ആയിട്ടില്ല.

1992ൽ ബാബറി മസ്ജിദ് തകർത്ത സംഭവത്തിനു ശേഷം മഅദനിയുടെ കൊല്ലത്തെ വീട്ടിൽ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്നാണു പൊലീസ് കേസ്. പൊലീസ് റെയ്ഡിൽ നാടൻ കൈത്തോക്ക്, തിരകൾ, 1.400 ഗ്രാം വെ‍ടിമരുന്ന്, ലാത്തി, മെറ്റൽ ഡിറ്റക്റ്റർ, ഐഎസ്എസ് നോട്ടീസുകൾ, സംഘടനയുടെ അംഗത്വ ഫോം എന്നിവ പിടിച്ചെടുത്തിരുന്നു.

1994ൽ പൊലീസ് കൊല്ലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണെങ്കിലും മഅദനിയുടെ അപേക്ഷയെത്തുടർന്നു കേസിന്‍റെ വിചാരണ എറണാകുളത്തെ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു.

click me!