
മുംബൈ: കോമ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മകന്‍റെ കണ്ണ് എലി കരണ്ടു എന്നാരോപിച്ച് രോഗിയുടെ അച്ഛന്‍. ജോഗേശ്വരിയിലെ ബാല്‍ താക്കറെ ട്രോമ കെയര്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. ഏപ്രിൽ 23 ന്, അനക്കമില്ലാതെ കോമയില്‍ കിടക്കുന്ന മകന്‍റെ വലതു കണ്‍പോള എലികള്‍ കടിച്ചുമുറിച്ചുവെന്നാണ് പരാതി.
27-കാരനായ രോഗിയുടെ അച്ഛനാണ് പരാതിയുമായി രംഗത്തെത്തിയത്. രാത്രിയില്‍ മകന്‍റെ കിടക്കയില്‍ നിന്നും രണ്ടു എലികളെ ആട്ടിയോടിച്ചിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് മകന്‍റെ കണ്‍പോളയില്‍ നിന്ന് രക്തമൊലിക്കുന്നത് കണ്ടതെന്നും അച്ഛന്‍ രാം ഗുപ്ത പറയുന്നു. ജനറല്‍ വാര്‍ഡില്‍ നേരത്തെയും എലികളെ കണ്ടിരുന്നു. എന്നാല്‍ എലി മകനെ കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.
സംഭവത്തിന് രണ്ടു ദിവസം മുമ്പാണ് രോഗിയെ ഐസിയുവില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്കു മാറ്റിയത്. കോമയില്‍ ഗുരുതരാവസ്ഥയിലായിരുന്നിട്ടും മകനെ ഐസിയുവില്‍ നിന്ന് മാറ്റുകയായിരുന്നെന്ന് ഗുപത് ആരോപിക്കുന്നു. കഴിഞ്ഞ മാസം റോഡപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുപതയുടെ മകന്‍ പരമീന്ദര്‍ ഗുപ്ത നേരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനു ശേഷം ബോധം തെളിഞ്ഞില്ല. ദിവസങ്ങളോളം കോമയില്‍ കിടന്നതോടെ ആശുപത്രി ബില്‍ ആറു ലക്ഷം രൂപയായി ഉയര്‍ന്നതോടെയാണ് ഗുപ്ത മകനെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam