'ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പാടിയത് സിപിഎം ആയിരുന്നു'

By Web DeskFirst Published Jan 12, 2018, 6:46 PM IST
Highlights

തിരുവനന്തപുരം: അനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും ശാസ്ത്രീയ വശമുണ്ടെന്ന് ഇപി ജയരാജന്‍റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും എന്ന് പറഞ്ഞു നടന്നവരാണ് സിപിഎമ്മുകാര്‍. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയുന്നതിന്‍റെ ലക്ഷണമാണ് ജയരാജന്‍റെ പ്രസ്താവന. വലിയ പ്രതിസന്ധിയിലാണ് സിപിഎം എന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചത്. മാർക്സിസ്റ്റ് പ്രസ്ഥാനം എത്തി ചേർന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്‍റെ വാക്കുകളിൽ കൂടി പുറത്തു വന്നത്. ഇന്നലെ വരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോൾ നടത്തിയ കടകംമറിച്ചിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമെന്ന് തിരിച്ചറിഞ്ഞാണ്. ആദ്ധ്യാത്മികതയും കമ്മ്യൂണിസവും വിപരീത ദിശകളിൽ സഞ്ചരിക്കുന്ന രണ്ട് ആശയ ഗതികളാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടതും.

" Atheism is an integral part of Marxism. Consequently a class-conscious Marxist party must carry on propaganda in favour of atheism".

"നിരീശ്വരവാദമെന്നത് മാർക്സിസത്തിന്‍റെ അവിഭാജ്യ ഘടകമാണ്. വർഗ്ഗാധിപത്യത്തിനായി നില കൊള്ളുന്ന മാർക്സിസ്റ്റ് പാർട്ടി നിരീശ്വരവാദത്തിന് അനുകൂലമായി നിലകൊള്ളേണ്ടതാണ്. " കമ്മ്യൂണിസ്റ്റ് ആചാര്യനായ ലെനിനിന്‍റെ വാക്കുകളാണിത്. ഇതിന് അനുകൂലമാണോ തന്‍റെ പ്രസ്താവനയെന്ന് ഇ പി ജയരാജൻ വ്യക്തമാക്കണം. അതോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലെനിനിസ്റ്റ് പാത ഉപേക്ഷിച്ചോ?. ഇ പി ജയരാജന്‍റെ ഈ അഭിപ്രായമാണോ കേരളത്തിലെ സിപിഎമ്മിന് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പറയണം.

കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് ഒളിഞ്ഞും തെളിഞ്ഞും തടയിടാൻ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് സിപിഎം. ക്ഷേത്രവും ഹിന്ദുവും എന്നത് പിന്തിരിപ്പനാണെന്നും വർഗ്ഗീയമാണെന്നും അണികളെ പറഞ്ഞ് പഠിപ്പിച്ച് അവരെ അതിനെതിരെ അണിനിരത്തിയിട്ട് ഇപ്പോൾ ക്ഷേത്രങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയുമല്ലാതെ മറ്റെന്താണ്. 

തളി ക്ഷേത്രം പുനരുദ്ധരിക്കാൻ നേതൃത്വം നൽകി രംഗത്തെത്തിയ കേരള ഗാന്ധി കെ കേളപ്പനെ 67 ലെ ഇഎംഎസ് സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടതും വധിക്കാൻ ശ്രമിച്ചതും കേരളം മറന്നിട്ടില്ല. "നായ പാത്തുന്ന കല്ലേൽ ചന്ദനം പൂശുന്ന കേളപ്പാ....." സിപിഎം കേരളത്തിൽ വിളിച്ചു നടന്ന മുദ്രാവാക്യമാണിത്. ഇത് ഇ പി ജയരാജൻ മറന്നാലും മലയാളികൾ മറക്കില്ല. ക്ഷേത്ര പുനരുദ്ധാരണത്തിലൂടെ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ കേളപ്പൻ ശ്രമിക്കുന്നു എന്നായിരുന്നു സിപിഎമ്മിന്‍റെ കണ്ടെത്തൽ.

'ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും' എന്ന പ്രസ്താവന സി കേശവനിൽ കൂടിയാണ് മലയാളികൾ ആദ്യം കേട്ടതെങ്കിലും അത് കേരളം മുഴുവൻ ഏറ്റുപാടി നടന്നത് സിപിഎം നേതാക്കളായിരുന്നു. കെ പി എ സി യുടെ നാടകത്തിലൂടെയും വി. സാംബശിവന്‍റെ കഥാപ്രസംഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം മുഴുവൻ പ്രചരിപ്പിച്ചതും ക്ഷേത്ര വിശ്വാസം അശാസ്ത്രീയമാണെന്നായിരുന്നു. ഗുരുവായൂരിൽ തൊഴുത കടകംപള്ളി സുരന്ദ്രനോട് വിശദീകരണം ചോദിച്ചതും ഹിന്ദു സഖാക്കൾ വീട്ടിൽ ഗണപതി ഹോമം നടത്തരുതെന്ന് പാലക്കാട് പ്ലീനം ചേർന്ന് തീരുമാനിച്ചതും ഇതിന്‍റെ തുടര്‍ച്ചയായിരുന്നില്ലേ? ക്ഷേത്ര ദർശനം നടത്തിയതിന് പാർട്ടി അച്ചടക്ക നടപടിക്ക് വിധേയരായ പ്രവർത്തകരോട് ക്ഷമ ചോദിച്ചിട്ട് വേണമായിരുന്നു ജയരാജൻ ഈ നിലപാട് സ്വീകരിക്കാൻ. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷാ പോറ്റി, എംഎം മോനായി എന്നീ പാർട്ടി എംഎൽഎമാരോട് സ്വീകരിച്ച നിലപാടും കേരളം കണ്ടതാണ്.

എന്തിനാണ് ജയരാജാ ഈ ഇരട്ടത്താപ്പും വഞ്ചനയും?. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്ന് പറയുന്ന ജയരാജൻ ഇവയുടെ പ്രചരണത്തിനും സംരക്ഷണത്തിനും മുൻകൈ എടുക്കുമോ?. ആയിരക്കണക്കിന് വർഷങ്ങള്‍ മുൻപുള്ള ക്ഷേത്രാചാരങ്ങളെപ്പറ്റി ശാസ്ത്രലോകം ഇന്ന് നീരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നു എന്ന് പറയുന്ന ജയരാജൻ ഇത്ര നാളും സ്വീകരിച്ച നിലപാടുകൾക്കും കള്ള പ്രചരണത്തിനും ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന തട്ടിപ്പ് ഉപേക്ഷിച്ച് സിപിഎം ആദ്ധ്യാത്മിക വാദത്തിലേക്ക് മാറണം. ആത്യന്തികമായി ആദ്ധ്യാത്മികത മാത്രമാണ് മോചനം എന്ന് തിരിച്ചറിയണം. വർഗ്ഗ സംഘർഷമല്ല

ഏകാത്മ മാനവ ദർശനമാണ് പരിഹാരം. ഇത് തിരിച്ചറിഞ്ഞ് ആദ്ധ്യാത്മികതയെ അംഗീകരിക്കാൻ തയ്യാറാകണം. ക്ഷേത്ര ദർശനം പിൻവാതിലിൽ കൂടിയല്ല നടത്തേണ്ടത്. ഗോപുര വാതിൽ കടന്ന് വരണം. കമ്മ്യൂണിസം എന്ന മാറാപ്പ് ഉപേക്ഷിച്ച് ആദ്ധ്യാത്മികതയെ പുണരാൻ അണികളെ അനുവദിക്കുകയും വേണം. അതിനുള്ള ആർജ്ജവം ജയരാജനും സിപിഎം നേതൃത്വത്തിനുമുണ്ടോ???

click me!