മനുഷ്യകവചം ഉപയോഗിച്ച് ഫലൂജയില്‍ ഐഎസ് ചെറുത്ത് നില്‍പ്പ്

By Web DeskFirst Published Jun 1, 2016, 3:14 AM IST
Highlights

ഇസ്ലാമിക് സ്റ്റേറ്റ് ഖലീഫത്തായി പ്രഖ്യാപിച്ച് നിയന്ത്രണത്തിൽ വച്ചിരിക്കുന്ന ഫലൂജ തിരിച്ചുപിടിക്കാൻ ഇറാഖി പട്ടാളക്കാരും ഷിയാ പോരാളികളുമടങ്ങുന്ന സേനയും അവർക്ക് യുദ്ധവിമാനങ്ങളിൽ വ്യോമസംരക്ഷണമൊരുക്കി അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയും. അന്പതിനായിരത്തിലേറെ നഗരവാസികളെ മനുഷ്യമറയാക്കി ആക്രമണം ചെറുക്കുകയും തക്കം പാർത്ത് തിരിച്ചടിക്കുകയും ചെയ്യുന്ന ഐഎസ് ഭീകരർ. 

75 ഭീകരരെ ഇതുവരെ വകവരുത്തിയതായി സൈനികവക്താവ് അവകാശപ്പെട്ടു. എന്നാൽ ഫലൂജയുടെ നഗരപ്രാന്തമായ നൈമിയ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് കനത്ത തിരിച്ചടിയിൽ ഇരുപതോളം സൈനികരും മുപ്പതിലേറെ സാധാരണക്കാരും മരിച്ചതായാണ് വിവരം. ഭീകരർ മനുഷ്യമറയാക്കിവച്ചിരിക്കുന്ന അന്പതിനായിരത്തോളം സാധാരണക്കാരുടെ ജീവനാണ് ഇരുപക്ഷവും പന്താടുന്നത്. "നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഓരോ കാൽവയ്പ്പിലും മരണം കാത്തിരിക്കുന്നു" ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയുടെ പ്രതിനിധി ബ്രൂണോ ഗഡ്ഡോ ഫലൂജയിലെ സ്ഥിതിയെ വിശേഷിപ്പിക്കുന്നു. 

ഭക്ഷണത്തിനും ജീവൻരക്ഷാ മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം അറബ് ചാനലായ അൽ ജസീറയോട് പറഞ്ഞു. ഇവർക്ക് നഗരത്തിന് പുറത്തുകടക്കാൻ ഒരു സുരക്ഷിത ഇടനാഴിയൊരുക്കാൻ ഇതുവരെ സൈന്യത്തിനായിട്ടില്ല. ഒരുതരത്തിൽ ലോകത്തെ ഏറ്റവും വലിയ തടവറയാണ് ഇന്ന് ഫലൂജ. ഇക്കഴി‌‌ഞ്ഞ മെയ് 22 നാണ് ഫലൂജ ഐഎസിൽനിന്ന് തിരിച്ചുപിടിക്കാനുള്ള സൈനികനീക്കത്തിന് പ്രധാനമന്ത്രി ഹൈദർ അൽ അബാദി ഉത്തരവിട്ടത്.

click me!