
ദില്ലി: ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസ്സുകാരന് ദയാവധം നൽകണമെന്ന ആവശ്യവുമായി തൃശൂരിൽ നിന്നുള്ള തമിഴ് കുടുംബം ദില്ലിയിൽ. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. കൊടുംതണുപ്പിലും ദില്ലിയില്‍ തുടരുകയാണ് ഈ കുടുംബം. ഡാനി സ്റ്റെനോ എന്ന ഈ അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന് പോലും ആകില്ല. എന്നാൽ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും.
ഓരോ ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്ന് തൃശൂരിലെ ഒല്ലുരില് നിന്ന് ദില്ലിയിലേക്ക് എത്തിയ ഡാനി സ്റ്റെനോയുടെ അച്ഛൻ ഡെന്നീസും അമ്മ മേരിയും പറയുന്നു. കന്യാകുമാരി സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി തൃശൂരിലാണ് ഇവരുടെ താമസം. ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ കുട്ടിയുടെ അവസ്ഥ സഹിക്കാനാകാതെയാണ് ഈ കുടുംബം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നീതിതേടി എത്തിയത്. ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ ഇവരെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.
നിര്‍മ്മാണ തൊഴിലാളിയായ ഡെന്നിസിന് ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ഡെന്നീസിന് കിട്ടുന്ന ദിവസക്കൂലിയില്‍ നിന്നാണ് ഇവര്‍ നാലുപേരും കഴിയുന്നതും ഈ കുട്ടിയുടെ ചികിത്സയുമെല്ലാം. കുറ്റം ചെയ്ത ആശുപത്രിക്കെതിരെ ഒരു നടപടിയും ഇല്ല. നീതി തേടി തമിഴ്നാട്ടുകാരനായ മന്ത്രി പൊൻരാധാകൃഷ്ണനെ കണ്ടപ്പോള്‍ കുട്ടിയെ മടിയിരുത്തി ഫോട്ടോയെടുത്ത് പറഞ്ഞുവിട്ടു. മരംകോച്ചുന്ന കൊടുംതണുപ്പില്‍ നീതിക്കായി അപേക്ഷിക്കുകയാണ് ദില്ലിയിലെത്തിയ ഈ കുടുംബം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam