ഫസല്‍ വധക്കേസ്; ബിജെപിക്കെതിരായ മൊഴി പോലീസ് തല്ലിപ്പറയിപ്പിച്ചതെന്ന് സുബീഷ്

By Web DeskFirst Published Jun 10, 2017, 11:37 PM IST
Highlights

കണ്ണൂര്‍: കുറ്റസമ്മത മൊഴിയും, ശബ്ദരേഖയുമടക്കം ഫസൽ വധക്കേസിൽ പുറത്തുവന്ന വെളിപ്പെടുത്തലുകളെല്ലാം നിഷേധിച്ച് ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ്.  കുറ്റസമ്മത മൊഴി, തന്നെ നഗ്നനാക്കിയും തലകീഴായി കെട്ടിത്തൂക്കിയും മർദിച്ച് പറയിച്ചതാണെന്നാണ് വിശദീകരണം. ഇന്ന് പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും നുണ പരിശോധനക്ക് വരെ തയാറാണെന്നും സുബീഷ് പറഞ്ഞു. അതേസമയം കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ആർ.എസ്.എസ് തന്ത്രമാണ് സുബീഷിന്റെ വാർത്താസമ്മേളനമെന്നാണ് സിപിഎമ്മിന്‍റെ പ്രതികരണം.  സുബീഷിനെ ചോദ്യം ചെയ്ത ഡിവൈഎസ്പിമാർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ അടുത്ത നീക്കം.

കാറില്‍ യാത്ര ചെയ്യവേയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയില്‍വച്ച് നഗ്നനാക്കി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ എന്നെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയി. അവിടെ വച്ച് തലക്കും കാലിനും ഇഞ്ചക്ഷന്‍ എടുത്തു. മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയും മുളക് വെള്ളം ഒഴിച്ചും ക്രൂരമായി പീഡിപ്പിച്ചു.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം  ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായി മൊഴി നല്‍കണമെന്നും സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. സ്വാഭാവികതയ്ക്കായി പലതവണ പോലീസ് മൊഴി റെക്കോര്‍ഡ് ചെയ്തു. ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങള്‍ മട്ടന്നൂര് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നും സുബീഷ് പറയുന്നു.

കൊലപാതകത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷ് പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കൊല നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.ബി.ജെ.പി നേതാവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഫസലിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇയാള്‍ വിശദീകരിക്കുന്നുണ്ട്.

മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് മുന്നില്‍ ഫസല്‍ കൊലപാതകത്തിലെ വിശദാംശങ്ങളും ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പോലീസ് തല്ലിപ്പറയിപ്പിച്ചതെന്നാണ് സുബീഷ് പറയുന്നത്. പക്ഷേ ഇന്ന് പുറത്തുവന്ന ടെലഫോണ്‍ സംഭാഷണം പോലീസ് കസ്റ്റഡിയില്‍ ആവുന്നതിനു മുമ്പ് നടത്തിയതാണ്. ഈ ഫോണ്‍ സംഭാഷണവും സുബീഷ് നിഷേധിച്ചു.

എന്നാൽ സുബീഷിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള എല്ലാ നടപടിക്രമങ്ങളും മണിക്കൂറുകൾ നീളുന്ന വീഡിയോയിൽ ഉണ്ടെന്നും എല്ലാം ശാസ്ത്രീയമായി തെളിയിക്കാമെന്നും പൊലീസ് പറയുന്നു. സുബീഷിനോട് എല്ലാം നിഷേധിക്കാനാവശ്യപ്പെട്ട് കേസിൽ രക്ഷപ്പെടാനുള്ള നീക്കമാണ് ആർ.എസ്.എസിന്റേതെന്ന് സിപിഎം ആരോപിച്ചു.

തുടരന്വേഷണമാവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരൻ നൽകിയ ശബ്ദരേഖയും കുറ്റസമ്മത മൊഴിയും കോടതിയുടെ പക്കലാണുള്ളത്. ഇതിൽ 15ന് കോടതി നിലപാട് വ്യക്തമാക്കും.  ഏതായാലും സിപിഎമ്മിനും – ബിജെപിക്കുമിടയിൽ ചൂടേറിയതം സങ്കീർണവുമായ രാഷ്ട്രീയ-നിയമ പോരിനാണ് പുതിയ സംഭവങ്ങൾ വഴി തുറക്കുന്നത്. അതേസമയം കേസിലെ പുതിയ സംഭവ വികാസങ്ങളിൽ ഫസലിന്‍റെ പാർട്ടിയായ പോപ്പുലർ ഫ്രണ്ട് ഇതുവരെ പ്രതികരണത്തിന്  തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
 

click me!