
കോഴിക്കോട്: മുക്കത്ത് 3 വയസ്സുകാരിയെ അച്ഛൻ മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തെകുറിച്ച് റിപ്പോർട്ട് നൽകാൻ എസ് പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് കമ്മിഷൻ ആവശ്യപ്പെട്ടു.
മുക്കം മണാശേരിയിൽ മൂന്നരവയസുകാരിയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, ശിശു സംരക്ഷണ ഓഫീസർ, ചൈൽഡ് ഡവലപ്മെന്‍റ് പ്രൊജക്ട് ഓഫീസർ എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
കട്ടിലിൽ കയറി കളിച്ചു എന്ന കാരണം പറഞ്ഞാണ് അച്ഛൻ ജയകുമാർ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. മുതുകിലും അരക്കെട്ടിന്‍റെ ഭാഗത്തും സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അടിയേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം അമ്മക്കൊപ്പം വെള്ളിമാട് കുന്നിലെ താത്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെക്കാൻ നിർദേശം നൽകിയെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
കുട്ടിയെ മർദ്ദിച്ച അച്ഛൻ ജയകുമാറിനെതിരെ കുട്ടികൾക്കെതിരെയുള്ള പീഡനം തടയുന്ന നിയമത്തിലെ 75 ആം വകുപ്പും , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 324, 345 വകുപ്പുകളനുസരിച്ചും കേസെടുത്തിട്ടുണ്ട്. അങ്കണവാടി അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുക്കം പോലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്‍തത്. ഇയാൾ റിമാൻഡിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam