
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദര ജില്ലയില്‍ മുഖ്യമന്ത്രി വിജയ് രൂപാണി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടന്ന നാടകീയ രംഗങ്ങള്‍ വിവാദമാകുന്നു. രൂപാണി പ്രസംഗിക്കുന്നതിനിടെ സുരക്ഷാവ്യൂഹത്തെ മറികടന്ന് അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ട വീരസൈനികന്റെ മകളെ പൊലീസ് വലിച്ചിഴച്ച് പുറത്താക്കിതാണ് വിവാദത്തിന് വഴിവെച്ചത്. വിജയ് രൂപാണി നോക്കി നില്‍ക്കെയാണ് പൊലീസിന്റെ നടപടി. കെവാഡിയ കോളനിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
2002 -ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ അശോക് തദ്‌വിയുടെ മകള്‍ രൂപല്‍ തദ്‌വിയാണ് മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് വേദിയിലെത്തിയത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രൂപാണി സംസാരിക്കുന്നതിനിടെ സദസ്സിലിരിക്കുകയായിരുന്ന രൂപല്‍, തനിക്ക് അദ്ദേഹത്തെ കാണണമെന്ന് ഒച്ചവെക്കുകയായിരുന്നു. തങ്ങളുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത ഭൂമി സര്‍ക്കാര്‍ നില്‍കിയില്ലെന്നാരോപിച്ചായിരുന്നു രൂപല്‍ തദ്‌വി മുഖ്യമന്ത്രി കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടുന്നതിനിടെ ഇവരെ വനിതാ പൊലീസുകാര്‍ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പരിപാടിക്ക് ശേഷം ഞാന്‍ നിങ്ങളെ കാണുമെന്ന് ഇതിനിടെ രൂപാണി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദമാകുന്ന സംഭവത്തിന്‍റെ വീഡിയോ ബിജെപിക്കെതിരെ പ്രചാരണയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപിയുടെ അഹങ്കാരം കൊടുമുടിയില്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തു. തന്റെ പ്രചാരണ പരിപാടികളില്‍ രാഹുല്‍ഗാന്ധി ഈ സംഭവം ഉയര്‍ത്തിക്കാട്ടി ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന ഭടന്‍മാരെ ബിജെപി മാത്രമാണ് ബഹുമാനിക്കുന്നതെന്നായിരുന്നു ട്വിറ്ററിലൂടെ ഇതിന് രൂപാണി മറുപടി നല്‍കിയത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍, ആദര്‍ശ് കുംഭകോണം എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് രൂപാണി കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ചിട്ടും രൂപാലിന് അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, ആത്മാഹുതി ചെയ്യുമെന്ന് രൂപാലിന്റെ അമ്മ ഭീഷണി മുഴക്കിയിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam