
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നുവെന്ന പരാതി വ്യാപകമാവുന്നതിനിടെയാണ് കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കുമായി പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി പിഴ ഈടാക്കാറുണ്ടെങ്കിലും കുട്ടി ഡ്രൈവര്‍മാര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. കൊടുവള്ളി മാനിപുരം റോഡിലൂടെ ബൈക്കോടിച്ച് പോവുകയായിരുന്ന 14 കാരനെ വ്യാഴാഴ്ച വൈകിട്ടാണ് കൊടുവള്ളി സി.ഐ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ടൗണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പിതാവ് ബൈക്കുമായി പറഞ്ഞയച്ചതാണെന്നായിരുന്നു 14 കാരന്‍ പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയുടെ പിതാവ് പെരിയാംതോട് സ്വദേശി റഷീദിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് പ്രകാരം അറിഞ്ഞ് കൊണ്ട് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതിനാണ് പിതാവിനെതിരെ കേസ്സെടുത്തിരിക്കുന്നത്. കുറ്റംതെളിയിക്കപ്പെട്ടാല്‍ രണ്ട് ലക്ഷം വരെ പിഴയും 3 വര്‍ഷം വരെ തടവും ലഭിക്കും. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവധിച്ചു. അപകടമുണ്ടാക്കുന്ന തരത്തില്‍ കുട്ടികളുടെ ഡ്രൈവിംങ്ങ് തടയാന്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam