തന്റെ തോല്‍വിക്ക് ഉത്തരവാദി എഫ്.ബി.ഐ ഡയറക്ടറാണെന്ന് ഹിലരി ക്ലിന്റണ്‍

By Web DeskFirst Published Nov 13, 2016, 3:21 AM IST
Highlights

അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റെന്ന ചരിത്രനേട്ടം തന്നില്‍ നിന്ന് തട്ടി അകറ്റിയത് എഫ്.ബി.ഐ ആണ്. പ്രചാരണ വേളയിലുടനീളം തനിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. അവസാന ദിവസം അനാവശ്യ ഇ- മെയില്‍ വിവാദം സൃഷ്‌ടിച്ച എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമെയാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഉത്തരവാദിയെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്‍റണ്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം ജനങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ ഒന്നും വിട്ടുപറയാതിരുന്ന ഹിലരി ഇത്തവണ എഫ്.ബി.ഐക്കും ഡയറക്ടര്‍ ജയിംസ് കോമെക്കുമെതിരെ ആഞ്ഞടിച്ചു.
 
‍‍തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു,  സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഹിലരി ഔദ്യോഗിക മെയിലുകള്‍ അയക്കാന്‍ സ്വകാര്യ മെയില്‍ അക്കൗണ്ട് ഉപയോഗിച്ച സംഭവം പുനരന്വേഷിക്കാന്‍ എഫ്.ബി.ഐ തീരുമാനിച്ചത്. മൂന്ന് സംവാദങ്ങളിലും പ്രചാരണവേളയിലുട നീളവും മേല്‍ക്കോയമയുണ്ടായിരുന്ന ഹിലരിക്ക് ഇത് കനത്ത ആഘാതമായി. ഹിലരി നിരപരാധിയെന്ന് അവസാനനിമിഷം എഫ്.ബി.ഐ പ്രഖ്യാപിച്ചെങ്കിലും അത് ഏറെ വൈകിയിരുന്നു. ഹിലരിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത സംഭവം തോല്‍വിയിലേക്ക് വഴിതെളിച്ച കാരണങ്ങളില്‍ ഒന്നായി.

അതേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം രാജ്യമെങ്ങും ശക്തമായി തുടരുകയാണ്. ന്യൂയോര്‍ക്കിലും ലോസ് അഞ്ചെല്‍സിലും ഷിക്കാഗോയിലും പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. നോട്ട് മൈ പ്രസിഡന്‍റ് എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധക്കാരുടെ മാര്‍ച്ച്. ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 32 ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതായും പ്രതിഷേധക്കാര്‍ പറഞ്ഞു.

click me!