ഇതെല്ലാം ലോകകപ്പ് ചരിത്രത്തില്‍ ആദ്യം

By Web DeskFirst Published Jul 16, 2018, 1:21 PM IST
Highlights

ഫ്രാന്‍സിനെതിരായ ഫൈനലില്‍ സ്വന്തം പോസ്റ്റിലേക്ക് പന്തെത്തിച്ചതോടെ ക്രൊയേഷ്യയുടെ മാന്‍സുകിച്ച് ചരിത്രത്തില്‍ ഇടം നേടി.

മോസ്കോ: ലോകകപ്പിന്റെ ചരിത്രത്തില്‍ ഒട്ടേറെ പുതുമകള്‍ സമ്മാനിച്ചാണ് റഷ്യന്‍ ലോകകപ്പിന് തിരശീല വീണത്. വമ്പന്‍മാരുടെ പതനവും കുഞ്ഞന്‍മാരുടെ ഉദയവും കണ്ട റഷ്യയിലെ ചില അപൂര്‍വതകള്‍.

ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയതോടെ ക്രൊയേഷ്യ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന ബഹുമതി സ്വന്തമാക്കി. 42 ലക്ഷം പേര്‍ മാത്രമാണ് ക്രൊയേഷ്യയിലുള്ളത്. 195ലെ ലോകകപ്പില്‍ കളിച്ച യുറുഗ്വേയുടെ റെക്കോര്‍ഡാണ് ക്രൊയേഷ്യ പഴങ്കഥയാക്കിയത്.

ഫ്രാന്‍സിനെതിരായ ഫൈനലില്‍ സ്വന്തം പോസ്റ്റിലേക്ക് പന്തെത്തിച്ചതോടെ ക്രൊയേഷ്യയുടെ മാന്‍സുകിച്ച് ചരിത്രത്തില്‍ ഇടം നേടി. ഇതുവരെ നടന്ന 19 ഫൈനലുകളില്‍ 66 ഗോള്‍ പിറന്നിട്ടുണ്ടെങ്കിലും അതിലൊന്നുപോലും സെല്‍ഫ് ഗോള്‍ല്ലായിരുന്നു. ഫൈനലില്‍ സെല്‍ഫ് ഗോള്‍ അടിക്കുന്ന ആദ്യ കളിക്കാരനായി മാന്‍സുകിച്ച്.

റഷ്യന്‍ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത വീഡിയോ അസിസ്റ്റ് റഫറി സിസ്റ്റം നടപ്പാക്കിയതായിരുന്നു. ഫൈനലില്‍ പെരിസിച്ചിന്റെ കൈയില്‍ കൊണ്ട പന്തിന് റഫറി വിഎആര്‍ തീരുമാനത്തിലൂടെ പെനല്‍റ്റി അനുവദിച്ചപ്പോള്‍ അതും പുതിയ ചരിത്രമായി. വിഎആറിലൂടെ പെനല്‍റ്റി അനുവദിക്കുന്ന ആദ്യ ലോകകപ്പ് ഫൈനലായി ഇത്.

ഫ്രാന്‍സിന്റെ മൂന്നും നാലും ഗോളുകള്‍ നേടിയ കെയ്‌ലിയന്‍ എംബാപ്പെയും പോള്‍ പോഗ്ബയും മറ്റൊരു ചരിത്രം കൂടി കുറിച്ചു, ലോകകപ്പ് ഫൈനലില്‍ പെനല്‍റ്റി ബോക്സിന് പുറത്തുനിന്ന് രണ്ട് ഗോളുകള്‍ നേടുന്ന ആദ്യ രാജ്യമായി ഫ്രാന്‍സ്. 1970ലെ ലോകകപ്പില്‍ ബ്രസീലിനെതിരെ ഇറ്റലിയുടെ റോബര്‍ട്ടോ ബോനിസെഗ്ന മാത്രമാണ് ഇതിന് മുമ്പ് പെനല്‍റ്റി ബോക്സിന് പുറത്തുനിന്ന് ഗോള്‍ നേടിയ താരം.

click me!