അര്‍ജന്‍റീനക്കും ഉറുഗ്വെക്കുമൊപ്പമെത്തി ഫ്രാന്‍സ്

By Web DeskFirst Published Jul 16, 2018, 6:36 AM IST
Highlights
  • ഇതിന് മുന്‍പ് ചാംപ്യൻമാരായത് 1998ൽ
  • അര്‍ജന്‍റീനക്കും ഉറുഗ്വെക്കുമൊപ്പം ഫ്രാൻസ്

മോസ്‌കോ: രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പിൽ ചാംപ്യന്‍മാരാകുന്നത്. ജയത്തോടെ കിരീടനേട്ടത്തിൽ അര്‍ജന്‍റീനക്കും ഉറുഗ്വെക്കുമൊപ്പമെത്തി. 1930 മുതല്‍ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഫൈനല്‍ കളിക്കാന്‍ ഏഴ് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു ഫ്രാൻസിന്. ഇതിനിടെ 1958ലും 1982ലും 86ലും സെമിയിലെത്തി. മൂന്ന് തവണയും തോല്‍വിയായിരുന്നു ഫലം. പക്ഷെ 1998ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിൽ ഫ്രാന്‍സ് വിശ്വവിജയികളായി

ഒരു ലോകകപ്പിന്‍റെ ഇടവേളക്ക് ശേഷം 2006ലും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. മറ്റെരാസിയെ സിദാൻ ഇടിച്ചിട്ട ഫൈനലില്‍ കന്നവാരോ കപ്പുയര്‍ത്തുന്നത് നോക്കിനില്‍ക്കേണ്ടി വന്നു ഫ്രഞ്ച് പടക്ക്.  മൂന്നാം ഫൈനലിനിറങ്ങുമ്പൊള്‍ റഷ്യയിൽ ഫ്രാൻസിന് എതിരാളികള്‍ ഒറ്റ മത്സരവും തോല്‍ക്കാതെ എത്തിയ ക്രൊയേഷ്യ. പക്ഷെ ഗ്രീസ്മാനും എംബാപ്പെയും പോഗ്ബയുമെല്ലാം നിറഞ്ഞാടിയ മൂന്നാം ഫൈനൽ ഫ്രാന്‍സ് എന്നെന്നും ഓര്‍മിക്കുന്നതാക്കി. 

1930ലും 50ലും ജേതാക്കളായ ഉറുഗ്വേയ്ക്കും 1978ലും 86ലും കപ്പുയര്‍ത്തിയ അര്‍ജന്‍റീനക്കുമൊപ്പമാണ് കിരീടനേട്ടത്തിള്‍ ഇപ്പോള്‍ ഫ്രാൻസിന്‍റെ സ്ഥാനം. നാല് വീതം തവണ ജേതാക്കളായ ഇറ്റലിയും ജര്‍മനിയും അഞ്ച് വട്ടം ചാംപ്യന്‍മാരായ ബ്രസീലുമാണ് ഫ്രാൻസിന് മുന്നിലുള്ളത്. കിരീടനേട്ടത്തില്‍ സന്തോഷിക്കുമ്പൊഴും ഫ്രഞ്ച് ആരാധകരെ ആശങ്കപ്പെടുത്തുന്ന ഒന്നുണ്ട്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ചാംപ്യന്‍മാരായ ടീം അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. 

ഇറ്റലിയുടെയും സ്പെയിന്‍റെയും ജര്‍മനിയുടെയും അവസ്ഥ മറികടക്കാന്‍ ഖത്തറില്‍ ഫ്രാന്‍സിനാകുമോ. കാത്തിരുന്ന് കാണാം.

click me!