
മോസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളുടെ രണ്ടാം റൗണ്ട് ഏകദേശം പൂര്‍ത്തിയായപ്പോള്‍ നോക്ക് ഘട്ടത്തില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന പോരാട്ടമുണ്ട്. ജര്‍മനിയും ബ്രസീലും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ഇയിലെ ജേതാക്കളും തമ്മിലാണ് പ്രീക്വാര്‍ട്ടര്‍.
നിലവിലെ സാധ്യതകള്‍വെച്ച് ജയം അനിവാര്യമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ നാലു പോയന്റുള്ള ബ്രസീല്‍ ഏഴ് പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാവും.
കോസ്റ്റോറിക്കയെ സ്വിറ്റ്സര്‍ലന്‍ഡ് തോല്‍പ്പിച്ചാല്‍ സ്വിസ് ടീമിനും ഏഴും പോയന്റാവും. ഈ ഘട്ടത്തില്‍ ഗോള്‍ ശരാശരിയും പരസ്പരം കളിച്ചപ്പോഴുള്ള ഫലവും ഫെയര്‍ പ്ലേയുമെല്ലാം കണക്കിലെടുക്കും. കോസ്റ്റോറിക്ക-സ്വിറ്റ്സര്‍ലന്‍ഡ് മത്സരവും ബ്രസീല്‍-സെര്‍ബിയ പോരാട്ടവും സമനലിയായാല്‍ ബ്രസീലിനും സ്വിറ്റ്സര്‍ലന്‍ഡിനും അഞ്ച് പോയന്റ് വീതമാകുന്ന സാഹചര്യവുമുണ്ടാകും.
ബ്രസീലിനെ കീഴടക്കിയാല്‍ സെര്‍ബിയക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. എങ്കിലും നിലവിലെ പ്രകടനം വെച്ചുനോക്കിയാല്‍ രണ്ട് തോല്‍വികളുമായി നേരത്തെ പുറത്തായ കോസ്റ്റോറിക്കയെ സ്വിറ്റ്സര്‍ലന്‍ഡും സെര്‍ബിയയെ ബ്രസീലും കീഴടക്കുമെന്ന് കരുതാം. അങ്ങനെ സംഭവിച്ചാല്‍ സ്വിസ് ടീമിനേക്കാള്‍ മികച്ച ഗോള്‍ ശരാശരിയുള്ള ബ്രസീലിന് ഗ്രൂപ്പില്‍ ഒന്നാമന്‍മാരാകാം.
ഇന് ഗ്രൂപ്പ് എഫില്‍ ജര്‍മനിയുടെ കാര്യമെടുത്താല്‍ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയെ വന്‍മാര്‍ജിനില്‍ കീഴടക്കിയാല്‍ ജര്‍മനിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരാവാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. പക്ഷെ അതിന് സ്വീഡന്‍-മെക്സിക്കോ പോരാട്ടത്തില്‍ സ്വീഡന്‍ ജയിക്കണം. അങ്ങനെ സംഭവിച്ചാല്‍ മെക്സിക്കോക്കും സ്വീഡനും ജര്‍മനിക്കും ഗ്രൂപ്പില്‍ ആറു പോയന്റ് വീതമാകും. അപ്പോള്‍ ദക്ഷിണ കൊറിയയെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതിന്റെ കരുത്തില്‍ ജര്‍മനിക്ക് ഒന്നാമതാവും.
എന്നാല്‍ മെക്സിക്കോ-സ്വീഡന്‍ പോരാട്ടം സമനിലയായാല്‍പോലും മെക്സിക്കോ ആവും ഗ്രൂപ്പില്‍ ഒന്നാമതെത്തുക. ഇതോടെ ജര്‍മനി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാവും. ഇതോടെ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടുകയെന്ന വെല്ലുവിളി ജര്‍മനിക്ക് മുന്നിലെത്തും.
അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ മാരക്കാനയില്‍ ബ്രസീലിനെ കശക്കിയെറിഞ്ഞതിന്റെ ഓര്‍മകള്‍ ജര്‍മനിക്ക് കരുത്താവും. അതേസമയം, കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം നെയ്മര്‍ക്കും സംഘത്തിനും ലഭിക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam