മൈതാനത്ത് തീപാറും; ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക പോരാട്ടങ്ങള്‍

Web Desk |  
Published : Jun 28, 2018, 08:47 AM ISTUpdated : Oct 02, 2018, 06:48 AM IST
മൈതാനത്ത് തീപാറും; ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക പോരാട്ടങ്ങള്‍

Synopsis

ജപ്പാന്‍റെ എതിരാളികള്‍ പോളണ്ട് സെനഗലും കൊളംബിയയും നേര്‍ക്കുനേര്‍  

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഏഷ്യയുടെയും ആഫ്രിക്കയുടെയും സാന്നിധ്യം ഉണ്ടാകുമോയെന്ന് ഇന്നറിയാം. ഗ്രൂപ്പ് എച്ചിലെ നിര്‍ണായക പോരാട്ടത്തില്‍ ജപ്പാന്‍ രാത്രി 7.30ന് പോളണ്ടിനെ നേരിടും. ആഫ്രിക്കന്‍ പ്രതീക്ഷയായ സെനഗലിന്‍റെ എതിരാളികള്‍ കൊളംബിയയാണ്. 

രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് വീതം പോയിന്‍റുള്ള ജപ്പാനും സെനഗലിനും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ഇന്ന് വേണ്ടത് സമനില മാത്രം.  എന്നാല്‍ സമനിലക്കായല്ല, ജയത്തിനായാണ് കളിക്കുകയെന്ന് ഇരു ടീമിന്‍റെയും പരിശീലകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രണ്ട് കളിയും തോറ്റ പോളണ്ടാണ് ജപ്പാന്‍റെ എതിരാളികള്‍. ലോക റാങ്കിംഗില്‍ എട്ടാമതാണെങ്കിലും ലെവന്‍ഡോസ്കിയും സംഘവും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. 

റാങ്കിംഗില്‍ 61-ാംമതാണ് ജപ്പാന്‍. പക്ഷെ ഈ അന്തരത്തില്‍ കാര്യമില്ലെന്ന് കൊളംബിയക്കെതിരെ നിഷിനോയും സംഘവും തെളിയിച്ചതാണ്. ഈ മികവ് ഇന്നും തുടര്‍ന്നാല്‍ 2002നും 2010 നും ശേഷം ജപ്പാന് പ്രീ ക്വാര്‍ട്ടറിലെത്താം. ഇതിന് മുന്‍പ് രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ജപ്പാനായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും പകരക്കാനായിറങ്ങി തിളങ്ങിയ മിഡ്ഫീല്‍ഡര്‍ കിസൂക്കി ഹോണ്ട ഇന്ന് ആദ്യ ഇലവനിലെത്തിയേക്കും.  

ജപ്പാനെ പോളണ്ട് വീഴ്ത്തിയാല്‍ ഗുണമാവുക കൊളംബിയക്കാണ്. അങ്ങനെ വന്നാല്‍ സെനഗലിനെതിരെ ഒരു സമനില മതി അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍. ഹാമിഷ് റോഡ്രിഗസും ഫാല്‍ക്കാവോയുമൊക്കെയുള്ള ലാറ്റിനമേരിക്കന്‍ ടീമിന് ആദ്യ റൗണ്ടില്‍തന്നെ പുറത്താവുന്നത് ചിന്തിക്കാന്‍ പോലുമാവില്ല. അതുകൊണ്ടുതന്നെ മറ്റ് മത്സരഫലത്തിനായി നോക്കിയിരിക്കാതെ സെനഗലിനെ കീഴടക്കി ആധികാരികമായിതന്നെ അവസാന പതിനാറിലെത്താനാകും അവരുടെ ശ്രമം. 

എന്നാല്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞ ചരിത്രമില്ല സെനഗലിന്. ഇതിന് മുന്‍പ് ഒരിക്കലേ ഇരു ടീമും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. അന്ന് സമനിലയായിരുന്നു ഫലം. റാങ്കിംഗില്‍ കൊളംബിയ 16ാമതും സെനഗല്‍ 27ാം സ്ഥാനത്തുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; ഛത്തീസ്​ഗഡിലേക്ക് കൊണ്ടുപോകും
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും